ന്യൂദല്‍ഹി: ഇലക്ഷന്‍ കമ്മീഷനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തെ വിവിധ ജനകീയ സമരങ്ങളെ ഒരുമിപ്പിക്കാന്‍ 'സത്യഗ്രഹ' എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ നടക്കുന്ന സമരങ്ങളുടെ വിവരങ്ങള്‍ നേരിട്ട് പങ്കുവെക്കാനും അവയ്ക്ക് പിന്തുണ തേടാനും അവസരമൊരുക്കുന്നതാണ് പുതിയ പ്ലാറ്റ്‌ഫോം. സത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും അതിനെതിരായ പ്രതിഷേധങ്ങളെ സഹായിക്കുകയെന്നത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രവര്‍ത്തനം ആരംഭിച്ച് ഒമ്പത് മണിക്കൂറിനകം 10,000ത്തിലധികം വ്യക്തികളും സംഘടനകളും തങ്ങളുടെ പ്രശ്‌നങ്ങളും സമരങ്ങളും പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. വിദ്യാഭ്യാസം, അഴിമതി, സാമൂഹിക നീതി, കര്‍ഷക പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, ആരോഗ്യം, സ്ത്രീസുരക്ഷ, ഭൂമി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.
ഓരോ പരാതിയും തന്റെ സംഘം പരിശോധിക്കുമെന്നും ആവശ്യമായ ഇടപെടല്‍ സാധ്യമാണോ എന്ന് വിലയിരുത്തുമെന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ സമരക്കാരുമായി നേരിട്ട് ബന്ധപ്പെടും. പരിഹാരത്തിനായി പൊതുശ്രദ്ധ ആവശ്യമായ യഥാര്‍ഥ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റ ദിവസത്തെ പ്രചാരണ പരിപാടിയല്ല 'സത്യഗ്രഹ'യെന്നും വര്‍ഷങ്ങളോളം തുടരുന്ന സംരംഭമായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ചെറിയതോ വലിയതോ ആയ എല്ലാ ജനകീയ പ്രക്ഷോഭങ്ങള്‍ക്കുമൊപ്പം നില്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സമരങ്ങളെ ഒരു ഇന്ററാക്ടീവ് മാപ്പിലൂടെ കണ്ടെത്താനും സമാന ആവശ്യങ്ങള്‍ക്കായി പോരാടുന്നവരുമായി ബന്ധപ്പെടാനും പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്.
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ ആശയം ഉയര്‍ത്തിപ്പിടിച്ചാണ് പുതിയ സംരംഭത്തിന് രാഹുല്‍ ഗാന്ധി രൂപം നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അവയെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കും അവകാശങ്ങള്‍ക്കുമായി പോരാടുന്ന ജനങ്ങളുടെ ശബ്ദം പ്രതിപക്ഷ നേതൃത്വത്തിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമായാണ് 'സത്യഗ്രഹ'യെ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്.
Related News