തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ആര്‍. ശ്രീലേഖ രാജി പ്രഖ്യാപിച്ച വിവാദത്തില്‍ വഴിതിരിവ്. ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ചര്‍ച്ചകള്‍ ഫലം കണ്ടതായും, ശ്രീലേഖ തന്റെ രാജിതീരുമാനത്തില്‍നിന്ന് പിന്മാറിയേക്കുമെന്നും സൂചന. രാജിസൂചന നല്‍കി വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശം അവര്‍ ഇതിനകം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായ ശ്രീലേഖ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിനുശേഷം മേയര്‍ പദവി ലഭിക്കാത്തതിലെ അതൃപ്തിയും പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളുമാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെടുകയും അനുനയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ നേതൃത്വം കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയത്.
ശ്രീലേഖയുടെ രാജി വാര്‍ത്ത ബി.ജെ.പി ക്യാമ്പില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. 101 അംഗ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 50 സീറ്റുകളാണുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ വേണമെന്നിരിക്കെ, ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് പാര്‍ട്ടി ഭരണം നിലനിര്‍ത്തിയിരുന്നത്. ശ്രീലേഖയുടെ രാജിക്ക് പുറമെ മറ്റൊരു ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്‍ ജയിലിലായതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശ്രീലേഖ കൂടി രാജിവെച്ചാല്‍ ബി.ജെ.പിയുടെ സ്വന്തം അംഗബലം 49 ആയി കുറയുകയും, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണം തന്നെ പ്രതിസന്ധിയിലാകുകയും ചെയ്യുമായിരുന്നു.
നിലവിലെ സാഹചര്യത്തില്‍, ശ്രീലേഖ രാജി പിന്‍വലിച്ചാല്‍ ബി.ജെ.പിക്ക് താല്‍ക്കാലികമായി ആശ്വാസം കണ്ടെത്താം. ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിട്ടില്ലെന്നും മേയറോട് ചില വിയോജിപ്പുകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം. എന്തായാലും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഈ പ്രതിസന്ധിക്ക് ഉടന്‍തന്നെ പൂര്‍ണ്ണവിരാമമാകുമെന്നാണ് കരുതപ്പെടുന്നത്.
Related News