ദമാം- ഭീകര സംഘടനയില്‍ ചേരുക, സുരക്ഷാ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുക തുടങ്ങിയ തീവ്രവാദ കുറ്റങ്ങളില്‍ കുറ്റക്കാരായ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ബിന്‍ മുനീര്‍ ബിന്‍ മുഹമ്മദ് അല്‍-സാഹിര്‍, അലി ബിന്‍ അബ്ദുല്‍ റബ്ബ് അല്‍-ഹുസൈന്‍ അല്‍-ഷെയ്ഖ്, ഹസന്‍ ബിന്‍ സക്കി ബിന്‍ മുഹമ്മദ് അല്‍-ഫരാജ്, റിദ ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ അബു അബ്ദുല്ല, അലി ബിന്‍ ഹസന്‍ ബിന്‍ അഹമ്മദ് അല്‍ റബാഹ് എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. തീവ്രവാദ സംഘടനകളില്‍ അംഗമാകുകയെന്നതിന് പുറമെ, ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുക, രാജ്യത്തിനകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുക തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ പ്രതികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റങ്ങള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയാണുണ്ടായത്. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവയ്ക്കുകയും, തുടര്‍ന്ന് രാജകല്‍പ്പന പ്രകാരം ശനിയാഴ്ച ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നവരോട് യാതൊരു ദയയും കാണിക്കില്ലെന്നും, രാജ്യത്തിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതില്‍ സൗദി സര്‍ക്കാര്‍ കര്‍ശന നിലപാട് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Related News