റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ഫുഡ് കാര്‍ണിവലുമായി ലുലു വേള്‍ഡ് ഫുഡ് 2026. കടല്‍ കടന്ന് രുചികള്‍ തേടിപ്പോകുന്ന ഭക്ഷണപ്രേമികള്‍ക്ക് ലോകത്തിന്റെ രുചിപ്പെരുമകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതാണ് ലുലു വേള്‍ഡ് ഫുഡ്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഫെസ്റ്റുമായി ബന്ധപ്പെട്ട രുചിക്കാഴ്ചകളും ഓഫറുകളും ആഘോഷങ്ങളും സംഘടിപ്പിക്കും.
ഒക്ടോബര്‍ 28-ന് അല്‍ ഖോബാറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ ഷെഫ് സെഹ്‌റ അലി ലുലു വേള്‍ഡ് ഫുഡ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒക്ടോബര്‍ 29-ന് റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖലഫ് സോണായിരിക്കും ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.
വിവിധങ്ങളായ ഭക്ഷണ വിഭവങ്ങള്‍, തത്സമയ ഷെഫ് ഷോകള്‍, പാചക മത്സരങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയ്ക്കൊപ്പം എല്ലാ കാറ്റഗറികളിലും വന്‍ വിലക്കുറവും ഉപഭോക്താക്കള്‍ക്കായി ലുലു വേള്‍ഡ് ഫുഡില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളുടെ പരമ്പരാഗത രുചികളടക്കം ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. സൗദി വിഭവങ്ങളുടെ തനത് സ്വാദുമായി 'ടേസ്റ്റ്‌സ് ഓഫ് സൗദി', അറേബ്യന്‍ രുചിക്കൂട്ടുകളുമായി 'ടേസ്റ്റ്‌സ് ഓഫ് അറേബ്യ' എന്നിവ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവമാകും. ഉത്തരേന്ത്യന്‍ രുചികളും നാടന്‍ കേരളീയ വിഭവങ്ങളും ഉള്‍പ്പെടുന്ന 'ടേസ്റ്റ് ഓഫ് ഇന്ത്യ', 'ദേശി ധാബ', 'നാടന്‍ തട്ടുകട' എന്നിവയും ഏഷ്യന്‍ രുചികള്‍ നിറയുന്ന 'ടേസ്റ്റ് ഓഫ് ഏഷ്യ', 'സുഷി വേള്‍ഡ്', ഫിലിപ്പിനോ വിഭവങ്ങളുടെ 'പഗ്‌കൈങ് പിനോയ്', ഇറ്റാലിയന്‍ വിഭവങ്ങളുമായി 'ടേസ്റ്റ് ഓഫ് ഇറ്റലി' എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
കൊതിയൂറുന്ന ബിരിയാണികളുമായി 'ബിരിയാണി ഫെസ്റ്റ്', 'ലുലു സ്ട്രീറ്റ് ഫുഡ്', കടല്‍വിഭവങ്ങളുമായി 'ലുലു സീഫുഡ് ഫിയസ്റ്റ', പ്രീമിയം മാംസ വിഭവങ്ങളുമായി 'പ്രീമിയം മീറ്റ്' എന്നിവയും ഫുഡ് ഫെസ്റ്റ് തീമുകളില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ ഏറ്റവും പുതിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി 'ഫ്രഷ് ഹാര്‍വെസ്റ്റ്', ലുലു ബേക്ക് ആര്‍ട്ടിന്റെ പലഹാരങ്ങളുമായി 'ഓവന്‍ ഫ്രഷ്', ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി 'ഹെല്‍ത്തി ബൈറ്റ്‌സ്', ലോകോത്തര സുഗന്ധവ്യഞ്ജനങ്ങളുമായി 'ലുലു സ്‌പൈസസ് ആന്‍ഡ് പള്‍സസ് വേള്‍ഡ്', 'ഗ്ലോബല്‍ ഫുഡി' എന്നീ ഫുഡ് സെഗ്മെന്റുകളും ലുലു വേള്‍ഡ് ഫുഡില്‍ ഓരോരുത്തരെയും കാത്തിരിക്കുകയാണ്.
ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ ഫ്രഷ് ഫുഡ്, ഗ്രോസറി, ബേക്കറി എന്നിവ മുതല്‍ വീട്ടുസാധനങ്ങള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലും രണ്ടാഴ്ചത്തേക്ക് വന്‍ വിലക്കുറവും ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമായിരിക്കും. അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, സ്മാര്‍ട്ട് അപ്ലയന്‍സസ് എന്നിവയില്‍ ഉള്‍പ്പെടെ പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നേടാനും അവസരമുണ്ട്.
സൗദി അറേബ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ഷെഫുകള്‍ ലുലു വേള്‍ഡ് ഫുഡിന്റെ ഭാഗമായി തത്സമയ പാചക ഷോകളും പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ബിരിയാണി ചലഞ്ച്, മന്തി ചലഞ്ച്, കേക്ക് ഐസിംഗ്, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങി എല്ലാ പ്രായക്കാര്‍ക്കുമായി നടത്തുന്ന തത്സമയ പാചക മത്സരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനും സാധിക്കും.
'ലോകത്തെ മികച്ച രുചികളും വന്‍ ഓഫറുകളും തത്സമയ ഷെഫ് ഷോകളും ആവേശകരമായ മത്സരങ്ങളും സമന്വയിക്കുന്ന സൗദിയിലെ ഏറ്റവും വലിയ ആഘോഷമാണ് ലുലു വേള്‍ഡ് ഫുഡ്. മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഓഫറുകളടക്കം ഒരുക്കിയാണ് ഇത്തവണ ഭക്ഷണപ്രേമികളെയും സൗദിയിലെ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നത്,' ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും വന്‍ വിലക്കുറവും ലഭ്യമാക്കാനുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധതയുടെ ഭാഗമായിക്കൂടിയാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Related News