തെഹ്‌റാന്‍: മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനത്തിനുള്ള വഴികള്‍ തേടുന്നതിനുമായി സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നുവെന്ന് ഇറാന്‍ സുരക്ഷാ മേധാവി. തെഹ്‌റാനിലെത്തിയ പ്രതിനിധിസംഘം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും സുരക്ഷാ മേധാവി മൊഹ്‌സെന്‍ രിസായിയുമായും കൂടിക്കാഴ്ച നടത്തി.
മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവെച്ച മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറാനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് നയതന്ത്രനീക്കം. ചര്‍ച്ചകള്‍ തുടരാനും സംഘര്‍ഷം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്, പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍, തുര്‍ക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കലന്‍ എന്നിവരാണ് ഇറാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് അവിടത്തെ രാജ്യങ്ങള്‍ തന്നെയാണെന്ന നിലപാടില്‍ ഇരുപക്ഷവും യോജിച്ചതായി ഇറാന്‍ അറിയിച്ചു. ചര്‍ച്ചയില്‍ പ്രാദേശിക ഐക്യത്തിന് പെസെഷ്‌കിയാന്‍ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് തടയുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.
ഇറാന്റെ ആണവപദ്ധതി ഈ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ലെന്ന് തെഹ്‌റാന്‍ വ്യക്തമാക്കി. പ്രാദേശിക സുരക്ഷ, ഇറാന്‍അമേരിക്ക സംഘര്‍ഷം ലഘൂകരിക്കല്‍, യെമനിലെ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ശ്രദ്ധ.
അതേസമയം, യെമനില്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തിലുള്ള സേന ആക്രമണം നടത്തിയതും ഈജിപ്ത് റിയാദിന് പിന്തുണയുമായി രംഗത്തെത്തിയതും മേഖലയിലെ സാഹചര്യം സങ്കീര്‍ണമാക്കുന്നു. ഇറാന്‍ പ്രസിഡന്റിനെ മോസ്‌കോയില്‍ സ്വീകരിക്കാന്‍ റഷ്യയും തയ്യാറെടുക്കുകയാണ്.
അമേരിക്ക ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് നയതന്ത്ര ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകള്‍ തുടരുമെന്ന ധാരണ സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Related News