ജിദ്ദ: വിശുദ്ധ ഖുര്‍ആന്‍ മുസ്ഹഫിന്റെ രണ്ട് ചട്ടക്കൂടുകളില്‍ ഒതുക്കപ്പെട്ട കേവലമൊരു പുസ്തകമല്ലെന്നും, അത് മനുഷ്യര്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ ആവശ്യമായ സകല മാര്‍ഗനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ദൈവിക ഗ്രന്ഥമാണെന്നതും സമൂഹം അത് ഉള്‍ക്കൊള്ളണമെന്നു ജെ.ഡി.സി.സി സംഘടിപ്പിച്ച ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്സ് പഠിതാക്കളുടെ സംഗമം ഉദ്‌ബോധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും അധര്‍മകാരികളായി അറിയപ്പെട്ടിരുന്ന ഒരു സമൂഹത്തെ ലോകത്തിലെ ഏറ്റവും മാതൃകാ സമൂഹമായി പരിവര്‍ത്തിപ്പിച്ചത് വിശുദ്ധ ഖുര്‍ആനാണ്.
വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കുന്നത് പോലും അരോചകമാകുന്ന ആധുനിക മുസ്ലിംകള്‍ ഖുര്‍ആന്റെ ആശയങ്ങളെ വക്രീകരിച്ച് പുതിയ സങ്കല്‍പ്പങ്ങള്‍ മെനഞ്ഞെടുത്ത് സമൂഹത്തെ വഴികേടിലേക്ക് നയിക്കുകയാണെന്ന് സംഗമത്തില്‍ 'ഖുര്‍ആന്‍ ഹൃദയത്തിന്റെ വസന്തം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച റാഫി സ്വലാഹി പറഞ്ഞു. മനസ്സിന്റെ ഇച്ഛകളോട് സന്ധിചെയ്യാതെ കര്‍മ്മമണ്ഡലങ്ങളെ സക്രിയമാക്കുന്നവരാകണം വിശ്വാസികള്‍. കേവല വൈകാരികതകള്‍ക്കപ്പുറത്ത് ഖുര്‍ആന്റെ ആശയങ്ങള്‍ മനസ്സുകളോട് സംവദിക്കുമ്പോഴാണ് അഭിമാനബോധമുള്ള ഒരു വിശ്വാസിയായി ജീവിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം തുടര്‍ന്നു.
ഖുര്‍ആനുമായി ബന്ധപ്പെട്ടതെല്ലാം അനുഗ്രഹീതമാണെന്നും വിശുദ്ധ ഖുര്‍ആന്റെ പ്രഥമ ശ്രോതാക്കളായ സ്വഹാബത്ത് ജീവിച്ച മാര്‍ഗം പിന്തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തിനും സന്മാര്‍ഗം പുല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അത്തഹ്സീന്‍ ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ സകരിയ്യ നൂഹ് മദീനി ഉദ്‌ബോധിപ്പിച്ചു. സംഗമത്തില്‍ 'ഖുര്‍ആനും സലഫുകളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അച്ചടിക്കപ്പെട്ട മുസ്ഹഫ് പോലുമില്ലാതെ അധ്യാപകരില്‍ നിന്ന് കേട്ട് പലകകളില്‍ എഴുതി ഖുര്‍ആന്‍ പഠിക്കുന്ന കുഞ്ഞുമക്കള്‍ ഇപ്പോഴുമുണ്ട്. ആധുനികമായ സകല സൗകര്യങ്ങളും ലഭിച്ചിട്ടും ഖുര്‍ആന്‍ പഠിക്കാന്‍ സമയം കണ്ടെത്താത്തവര്‍ ഈ വിശുദ്ധ ഗ്രന്ഥത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വിസ്ഡം സൗദിയുടെ കീഴില്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ QHLC എന്ന പേരില്‍ ഖുര്‍ആന്‍ പഠനത്തിനായി വ്യവസ്ഥാപിത സംവിധാനം നിലവിലുണ്ട്. ജിദ്ദയില്‍ ഷറഫിയ്യ, ഖാലിദ് ബിന്‍ വലീദ്, മഹ്ജര്‍, ഹയ്യു സാമിര്‍, ഹയ്യു സഫാ, അസീസിയ തുടങ്ങിയ പ്രദേശങ്ങളിലെ ക്ലാസുകളിലായി സ്ത്രീകളും പുരുഷന്മാരുമടക്കം നൂറുകണക്കിന് മലയാളികള്‍ ഈ സംരംഭത്തിന്റെ ഭാഗമായി പഠനം നടത്തി വരുന്നു. പന്ത്രണ്ട് ഘട്ടങ്ങള്‍ പിന്നിട്ട ഈ പഠന സംരംഭം പതിമൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ജിദ്ദ സനാഇയ്യ ദഅവാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശൈഖ് അബ്ദുല്‍ അസീസ് മുഹമ്മദ് ഇദ്രീസ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ഘട്ട പരീക്ഷയില്‍ 100-ല്‍ 100 മാര്‍ക്ക് നേടി സൗദി ദേശീയതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജിദ്ദയിലെ പഠിതാക്കളായ നൗഷാദ് കൊച്ചുകോയ, ബിന്ത് സുല്‍ഫിക്കര്‍, 99 മാര്‍ക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ട സുമയ്യ അബ്ദുല്‍ ജബ്ബാര്‍, സലീന, മൂന്നും നാലും റാങ്ക് ജേതാക്കളായ ശബ്‌നം ഫാദി കണ്ണൂര്‍, ഷൈമ അബ്ദുസ്സലാം, കിഡ്‌സ് വിഭാഗം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അവ്വാഹ് ബിന്‍ നൗഫല്‍ തുടങ്ങിയവരെ സംഗമത്തില്‍ ആദരിച്ചു. ശൈഖ് അബ്ദുല്‍ അസീസ് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മക്ക ദാറുല്‍ ഹദീസ് വിദ്യാര്‍ത്ഥി ഹാഫിള് ജാസിം ഇഖ്ബാല്‍ ഖിറാഅത്ത് നടത്തി. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പഠിതാവ് കബീര്‍ ഗാനമാലപിച്ചു. സംഗമത്തിന്റെ ഭാഗമായി ജെ.ഡി.സി.സി. യൂത്ത് വിംഗ് കുട്ടികള്‍ക്കായി 'കളിച്ചങ്ങാടം' പരിപാടി നടത്തി. ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, ട്രഷറര്‍ നബീല്‍ പാലപ്പറ്റ, സല്‍മാന്‍ ബാലുശ്ശേരി, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ, അബ്ദുല്‍ ഹഖ് മട്ടന്നൂര്‍, സൗബാന്‍ മൊറയൂര്‍, അബ്ദുല്‍ ഗനി ചെംനാട്, റഷീദലി എലത്തൂര്‍, അഫീഫ്, അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജെ.ഡി.സി.സി. എഡ്യൂക്കേഷന്‍ സെക്രട്ടറി നൗഫല്‍ പീടിയേക്കല്‍ സ്വാഗതവും ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്സ് നാഷണല്‍ വിംഗ് പ്രതിനിധി റൗനഖ് ഓടക്കല്‍ നന്ദിയും പറഞ്ഞു.