ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മൂന്ന് അംഗങ്ങളുടെയും ഏകകണ്ഠമായ തീരുമാനപ്രകാരമാണ് എടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചെന്നും തീരുമാനമെടുക്കുന്ന നടപടിക്രമങ്ങളില്‍ നിയമലംഘനമുണ്ടായെന്നുമുള്ള ആരോപണങ്ങള്‍ കമ്മീഷന്‍ തള്ളി.
സാമൂഹിക പ്രവര്‍ത്തകന്‍ രാകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്റെ വിശദീകരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ കമ്മീഷന്‍ ഏകകണ്ഠമായി അംഗീകരിച്ച ശേഷമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ഇതില്‍ പറയുന്നു.
വ്യക്തിഗത കമ്മീഷണര്‍മാര്‍ ചര്‍ച്ചകള്‍ക്കിടെ ഉന്നയിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചോദ്യങ്ങളും കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാനാവില്ലെന്നാണ് സത്യവാങ്മൂലത്തിലെ നിലപാട്. വിഷയങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.
2025 ജൂണ്‍ 24, 2025 ഒക്ടോബര്‍ 27, 2026 മേയ് 14 തീയതികളില്‍ പുറപ്പെടുവിച്ച എസ്.ഐ.ആര്‍ ഉത്തരവുകള്‍ ഭരണഘടനയുടെ 324ാം അനുച്ഛേദത്തിനും 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംബന്ധിച്ച നിയമത്തിലെ 18ാം വകുപ്പിനും അനുസൃതമാണെന്നും കമ്മീഷന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടര്‍പട്ടിക, പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വിവരസാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ സന്ധുവും ജോഷിയും ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളോട് കുറഞ്ഞത് 14 തവണ വിയോജിപ്പ് പ്രകടിപ്പിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് ആധാരം. കമ്മീഷന്റെ ആഭ്യന്തര തീരുമാനങ്ങളെടുക്കല്‍ നടപടികള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, വ്യക്തിഗത കമ്മീഷണര്‍മാര്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതുകൊണ്ടുമാത്രം കമ്മീഷന്റെ തീരുമാനമെടുക്കല്‍ നടപടിക്രമം നിയമവിരുദ്ധമാകില്ലെന്നാണ് സത്യവാങ്മൂലത്തിലെ വാദം. 2023ലെ നിയമത്തിലെ 18ാം വകുപ്പ് പ്രകാരം സാധ്യമായിടത്തോളം ഏകകണ്ഠമായാണ് തീരുമാനമെടുക്കേണ്ടത്. അഭിപ്രായവ്യത്യാസമുണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
2026 ജൂലൈ 29ന് സന്ധുവും ജോഷിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തുകളും എസ്.ഐ.ആര്‍ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചും കമ്മീഷനിലെ ജോലിവിഭജനത്തെക്കുറിച്ചുമായിരുന്നു കത്തുകളെന്ന് സത്യവാങ്മൂലം പറയുന്നു. ജൂലൈ 28ന് പുറപ്പെടുവിച്ച ഒരു ഓഫീസ് ഉത്തരവ് ജൂലൈ 30ന് രണ്ട് കമ്മീഷണര്‍മാരും സംയുക്ത നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് നടപ്പാക്കിയില്ലെന്നും വ്യക്തമാക്കി.
പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന നിയമപരമായ ഫോം 6 എസ്.ഐ.ആര്‍ ഉത്തരവുകളിലൂടെ ഭേദഗതി ചെയ്‌തെന്ന ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.
ഫോം 6നൊപ്പം ഒരു അധിക സത്യവാങ്മൂലമോ പ്രഖ്യാപനപത്രമോ സമര്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് നിയമപ്രകാരമുള്ള ഫോമിന്റെ ഭാഗമല്ലെന്നും പ്രത്യേക രേഖയാണെന്നുമാണ് കമ്മീഷന്റെ വിശദീകരണം. അപേക്ഷകരെയോ അവരുടെ ബന്ധുക്കളെയോ മുന്‍കാല വോട്ടര്‍പട്ടികകളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അവയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ എളുപ്പമാക്കാമെന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് നിര്‍ദേശിച്ച രേഖകള്‍ സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഫോം 6ല്‍ വരുത്തിയതായി പറയുന്ന മാറ്റങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒക്ടോബര്‍ അഞ്ചിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ രേഖകള്‍ പരിശോധിച്ച് എന്ത് മാറ്റമാണ് വരുത്തിയതെന്നും ആരാണ് അതിന് ഉത്തരവിട്ടതെന്നും കണ്ടെത്താനാണ് കോടതി താല്‍പര്യം പ്രകടിപ്പിച്ചത്. ബിഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഫോം 6നൊപ്പം നല്‍കിയ പ്രഖ്യാപനപത്രം കോടതി അംഗീകരിച്ചെന്ന കമ്മീഷന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു വിശദീകരണം ആവശ്യപ്പെട്ടത്.
ഫോം 6ല്‍ ഭേദഗതി വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്.ഐ.ആര്‍ നടപടിക്രമം നിയമാനുസൃതമാണെന്നും ആവര്‍ത്തിച്ച കമ്മീഷന്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
Related News