ടെല്‍അവീവ്- അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടും തമ്മിലാണ് പ്രധാന പോരാട്ടം. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണം, ഗാസയിലും ഇറാനിലും നടന്ന യുദ്ധങ്ങള്‍, ഇസ്രായേല്‍ നേരിടുന്ന അന്താരാഷ്ട്ര ഒറ്റപ്പെടല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണി വരെ തുടരും. 19 വര്‍ഷത്തിലേറെയായി ഇസ്രായേല്‍ ഭരിക്കുന്ന നെതന്യാഹു, താന്‍ യുദ്ധകാലത്ത് നല്‍കിയ നേതൃത്വവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നയതന്ത്ര ബന്ധവും ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. എന്നാല്‍, നെതന്യാഹുവിന്റെ ഭരണം ഭയവും നുണകളും പ്രചരിപ്പിച്ചാണെന്ന് പ്രധാന എതിരാളിയായ ഐസന്‍കോട്ട് ആരോപിച്ചു.
120 അംഗ നെസറ്റില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം (61 സീറ്റുകള്‍) ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇതാദ്യമായി പുതിയ 3.3 ലക്ഷം വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ 73 ലക്ഷം ആളുകളാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത പക്ഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ നെതന്യാഹു തന്നെ താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടര്‍ന്നേക്കും.