ജിദ്ദ/റിയാദ്: നോര്‍ക്ക കെയര്‍ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകളും വിവിധ പ്രവാസി സംഘടനകളുടെ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ഭരണ അനുകൂല സംഘടനകള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് എല്ലാ പ്രവാസികള്‍ക്കും പ്രയോജനപ്പെടും വിധം പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇടതുപക്ഷ അനുകൂല സംഘടനകള്‍ പ്രവാസികളെ ചുഷണം ചെയ്യാനുള്ളതാണ് പുതിയ പദ്ധതിയെന്ന് കുറ്റപ്പെടുത്തി. ഇത് എത്രയും വേഗം പിന്‍വലിച്ച് പ്രവാസി അനുകൂല പദ്ധതിയാക്കി മാറ്റണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.
ആശങ്കയകറ്റണം: ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
പരിഷ്‌കരിച്ച പദ്ധതിയുടെ വിവിധ സ്ലാബുകളിലെ ഉയര്‍ന്ന പ്രീമിയം നിരക്ക് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ആനുകൂല്യങ്ങള്‍, പ്രീമിയം നിരക്കുകള്‍, ക്ലെയിം നടപടികള്‍ എന്നിവയില്‍ വ്യക്തത വരുത്തണം.
കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന സാധാരണ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും, അതുപോലെ പ്രായമായവര്‍ക്കും ആരോഗ്യബാധ്യതകളുള്ളവര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ പരിരക്ഷ ലഭ്യമാക്കണം. പദ്ധതിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി.കെ റസാക്ക് മാസ്റ്ററും ജനറല്‍ സെക്രട്ടരി വി.പി മുസ്തഫയും ആവശ്യപ്പെട്ടു.
ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണെന്ന് വ്യക്തമാക്കി ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നല്‍കി.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ നിലവിലെ പ്രയാസകരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, നാളിതുവരെ കാര്യമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പ്രവാസികളോട് ഉദാര സമീപനം സ്വീകരിച്ച് ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും അഭ്യര്‍ഥിച്ചു.
പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം ൃജിദ്ദ നവോദയ
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച്, സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ജിദ്ദ നവോദയ ആവശ്യപ്പെട്ടു.
പ്രവാസികളുടെ വരുമാനനിലയും കുടുംബബാധ്യതകളും പരിഗണിച്ച് പ്രീമിയം തുക അടിയന്തരമായി പുനഃപരിശോധിക്കണം. സാമ്പത്തികഭാരം വര്‍ധിപ്പിക്കുന്നത് മൂലം പലര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും, നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും നവോദയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കേളി കലാസാംസ്‌കാരിക വേദി ശക്തമായി പ്രതിഷേധിച്ചു
പ്രീമിയം കുത്തനെ ഉയര്‍ത്തിയതിനെതിരെയും പദ്ധതി പുതുക്കുന്നത് അവസാന നിമിഷം വരെ വൈകിപ്പിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഴയ രീതിയില്‍ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ടു.
51 മുതല്‍ 80 വയസ്സ് വരെയുള്ള വിവിധ പ്രായവിഭാഗങ്ങളില്‍ വാര്‍ഷിക പ്രീമിയം ഭീമമായി വര്‍ധിച്ചിട്ടുണ്ട്. പ്രായപരിധി നീക്കിയെന്ന പ്രചാരണത്തിന്റെ മറവില്‍ ഉയര്‍ന്ന പ്രീമിയം ഈടാക്കുന്നത് നീതിയല്ലെന്നും, മുന്‍കൂട്ടി സാമ്പത്തിക ആസൂത്രണം നടത്താന്‍ അവസരം നല്‍കാതെ നിരക്കുകള്‍ കുത്തനെ കൂട്ടിയത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി. പദ്ധതിയുടെ പഴയതും പുതിയതുമായ നിരക്കുകള്‍ തമ്മിലുള്ള താരതമ്യം പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പഴയ നിരക്ക് പുനഃസ്ഥാപിക്കണം -ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി
നോര്‍ക്ക കെയര്‍ പ്രീമിയം മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിച്ച പ്രവാസി വിരുദ്ധ നടപടി പിന്‍വലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആവശ്യപ്പെട്ടു.
മുന്‍പ് കുറഞ്ഞ തുകയ്ക്ക് ലഭ്യമായിരുന്ന ഇന്‍ഷുറന്‍സ് ഇപ്പോള്‍ സാധാരണ തൊഴിലാളികള്‍ക്ക് പോലും താങ്ങാനാവാത്ത വിധം വര്‍ദ്ധിപ്പിച്ചത് അത്യാവശ്യ ഘട്ടങ്ങളില്‍ കൈത്താങ്ങായിരുന്ന പദ്ധതിയെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയക്കുമെന്നും അറിയിച്ചു.
മിത്ര - പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ (റിയാദ്)
ഇന്‍ഷുറന്‍സ് പരിരക്ഷ 80 വയസ്സ് വരെ വ്യാപിപ്പിച്ച സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും, പ്രീമിയം വര്‍ധിപ്പിച്ചത് നിരവധി പേരെ പദ്ധതിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി.
പ്രായപരിധി വര്‍ധിപ്പിച്ചതിന്റെ മറവില്‍ പ്രീമിയം തുക ഗണ്യമായി കൂട്ടുന്ന തീരുമാനം പുനഃപരിശോധിക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പ്രവാസികളുടെ യഥാര്‍ത്ഥ സാഹചര്യം കണ്ട് പ്രായോഗികമായ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു.
Related News