ഏദന്‍: യമനിലെ ഉപരോധത്തിലായ താഇസ് നഗരത്തില്‍ ഹൂതി സേന അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച രാസായുധങ്ങള്‍ അടങ്ങിയ പീരങ്കിയുണ്ടകളും റോക്കറ്റുകളും പ്രയോഗിച്ചതായി റിപോര്‍ട്ട്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍ രംഗത്തെത്തി. പോരാട്ടം രൂക്ഷമായതോടെ നഗരത്തിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ ഭീകരമായി മാറിയിരിക്കുകയാണ്.
താഇസ് ഗവര്‍ണറേറ്റ് മീഡിയ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മുന്‍നിര പോരാട്ട മേഖലകളായ അല്‍-അഖ്‌റൂദ്, കഹ്ലാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ലഭിച്ചതായി വ്യക്തമാക്കിയത്. ഹൂതി സേന വിഷവാതകങ്ങളും മറ്റ് മാരക രാസവസ്തുക്കളും അടങ്ങിയ ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അധികൃതര്‍ ആരോപിച്ചു.
മേഖലയില്‍ ഷെല്ലാക്രമണം നടന്നതിന് പിന്നാലെ സാധാരണക്കാര്‍ക്കും പോപ്പുലര്‍ റെസിസ്റ്റന്‍സ് അംഗങ്ങള്‍ക്കും കടുത്ത ശ്വാസതടസ്സവും ബോധക്ഷയവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധിത രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെട്ടത്.
സംഭവസ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിക്കാനും, ഇരകളുടെ മെഡിക്കല്‍ രേഖകളും ദൃക്‌സാക്ഷി മൊഴികളും പരിശോധിക്കാനും വിദഗ്ധ അടങ്ങുന്ന സാങ്കേതിക സംഘത്തെ ഉടനടി നിയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാസായുധ ഉപയോഗം ശരിയാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യു.എന്നും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും സ്വതന്ത്ര അന്വേഷണത്തിന് പിന്തുണ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
കര്‍ശന ഉപരോധത്തിലുള്ള താഇസ് നഗരത്തെ കീഴടക്കാന്‍ ഹൂതികള്‍ അനധികൃത ആയുധങ്ങള്‍ ഉപയോഗിക്കുകയാണെന്ന് യമന്‍ വിദേശകാര്യ ഉപമന്ത്രി മുസ്തഫ നുഅ്മാന്‍ കുറ്റപ്പെടുത്തി. നഗരത്തിന്മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര അന്വേഷണ സംഘത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, യു.എന്നും രാസായുധ നിരോധന സംഘടനയും (OPCW) വിഷയം അടിയന്തരമായി അന്വേഷിക്കണമെന്നും യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മൂഅമ്മര്‍ അല്‍ ഇര്യാനി ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച രാസവസ്തു ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ഹൂതികളും യമന്‍ സര്‍ക്കാറും തമ്മിലുള്ള പോരാട്ടം കടുക്കവേ താഇസിലേക്കുള്ള പ്രധാന പാതകള്‍ അടഞ്ഞതോടെ എട്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷ്യസഹായം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ഇന്ധനം, മരുന്ന്, കുടിവെള്ളം എന്നിവയുടെ ക്ഷാമം കാരണം നഗരത്തിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീടൊഴിഞ്ഞ് പലായനം ചെയ്തിരിക്കുന്നത്.
Related News