തൃശൂര്‍: മുന്‍ ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയായ 'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ തുടക്കമായി. ഒക്ടോബര്‍ 28-ന് വൈകിട്ട് 3.30-ന് വിശ്വനാഥ മേനോന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഡോ. മുഹമ്മദ് കാസിമിന്റെ നേതൃത്വത്തില്‍ 1998-ല്‍ ജിദ്ദയില്‍ 'പൂരം ജിദ്ദ' എന്ന പേരില്‍ തുടക്കം കുറിച്ച സംഘടനയാണ് ഇന്ന് പൂരം ദുബായ്, പൂരം തൃശൂര്‍ എന്നീ കൂട്ടായ്മകളായി വളര്‍ന്നിട്ടുള്ളത്. ഡോ. മുഹമ്മദ് കാസിം തന്നെയാണ് ഈ കൂട്ടായ്മകളുടെ രക്ഷാധികാരി.
'നിറങ്ങളുടെ ലോകത്തേക്ക്... ഭാവനയുടെ വിസ്മയക്കാഴ്ചകളിലേക്ക്...' എന്ന സന്ദേശത്തിലൊരുക്കിയ പ്രദര്‍ശനത്തില്‍ 125-ഓളം മനോഹര ചിത്രങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. നിറങ്ങളും ഭാവനയും സര്‍ഗാത്മകതയും ഒത്തുചേരുന്ന ഈ പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഒക്ടോബര്‍ 29 മുതല്‍ 31 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. കലാസ്വാദകരെയും പൊതുജനങ്ങളെയും പ്രദര്‍ശനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ പൂരം തൃശൂര്‍ പ്രസിഡന്റ് മൂത്തേടത്ത് സേതുമാധവന്‍, ജനറല്‍ സെക്രട്ടറി സുരേന്ദ്ര ബാബു, ട്രഷറര്‍ അഡ്വ. സുകുമാരന്‍, വൈസ് പ്രസിഡന്റ് മനോജ് കുന്നപ്പള്ളി, ജോയിന്റ് സെക്രട്ടറി ബോര്‍ജിയോ ലൂയിസ്, കമ്മിറ്റി അംഗങ്ങളായ മിനി ഫ്രാന്‍സി, തോമസ് കുറ്റിക്കാടന്‍, ശ്രീജിത്ത്, ജോര്‍ജ് അറക്കല്‍, ഹരിദാസ് ഗോപുരത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related News