തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം കുത്തനെ വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കായി ലഭിച്ച തുകയേക്കാള്‍ ഏറെ ചെലവഴിക്കേണ്ടിവന്നതും നിലവിലെ വ്യവസ്ഥകളില്‍ പോളിസി പുതുക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകാത്തതുമാണ് പ്രീമിയം വര്‍ധിപ്പിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
പദ്ധതിയില്‍ 1.32 ലക്ഷം പേര്‍ അംഗങ്ങളായിട്ടുണ്ട്. 145 കോടി രൂപ പ്രീമിയമായി ലഭിച്ചപ്പോള്‍ ക്ലെയിമുകള്‍ക്കായി 210 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. ക്ലെയിമുകളില്‍ 80 ശതമാനത്തോളവും കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 40നും 70നും ഇടയില്‍ പ്രായമുള്ള ഗുണഭോക്താക്കളുടെ ക്ലെയിമുകള്‍ മാത്രം 120 കോടി രൂപയുടേതാണ്.
നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 160 ശതമാനവും നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയില്‍ 350 ശതമാനവും നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. നേരത്തേ രോഗങ്ങളുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന വ്യവസ്ഥയാണ് ക്ലെയിമുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ വ്യവസ്ഥകളില്‍ പോളിസി പുതുക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ പോലും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രീമിയം നിരക്കുകള്‍ പുതുക്കേണ്ടിവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ ക്രമീകരണത്തില്‍ വ്യത്യസ്ത ഇന്‍ഷുറന്‍സ് പരിരക്ഷാ സ്ലാബുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18 മുതല്‍ 110 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാനും അവസരമുണ്ട്. നേരത്തെയുള്ള പോളിസിയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പരിരക്ഷയുണ്ടായിരുന്നില്ല. ഇതോടെ ഇന്‍ഷുറന്‍സ് ചെലവിനൊപ്പം പദ്ധതിയുടെ ഗുണഭോക്തൃപരിധിയിലും മാറ്റം വരും.
പ്രവാസി ക്ഷേമ സംവിധാനത്തിന്റെ സാമ്പത്തിക സ്ഥിതിയും നിയമസഭയില്‍ ചര്‍ച്ചയായി. നടപ്പുസാമ്പത്തിക വര്‍ഷം ക്ഷേമാനുകൂല്യങ്ങള്‍ക്കായി 163 കോടിയിലധികം രൂപയും പെന്‍ഷനായി 102 കോടി രൂപയും സര്‍ക്കാര്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ 32 കോടി രൂപയും അനുവദിച്ചു. എന്നാല്‍ മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഇനിയും നല്‍കാനുണ്ട്. ഏകദേശം 105 കോടി രൂപയാണ് കുടിശ്ശിക. ഇത് തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസി ക്ഷേമനിധിയിലെ അംഗങ്ങളുടെ എണ്ണം 202021ല്‍ 17,771 ആയിരുന്നത് ഇപ്പോള്‍ 1,00,495 ആയി ഉയര്‍ന്നു. എന്നാല്‍ വരുമാനം അതേ അനുപാതത്തില്‍ വര്‍ധിച്ചിട്ടില്ല. ബോര്‍ഡിന്റെ ശരാശരി പ്രതിമാസ വരുമാനം 16.7 കോടി രൂപയാണെങ്കില്‍ ചെലവ് ഏകദേശം 35 കോടി രൂപയാണ്. അംഗങ്ങളില്‍നിന്ന് 700 കോടിയിലധികം രൂപയുടെ വിഹിതം പിരിച്ചെടുക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുടിശ്ശിക പിരിച്ചെടുക്കാന്‍ പ്രവാസി സംഘടനകള്‍ പ്രത്യേക പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ന്യായമായ കാരണങ്ങളാല്‍ ക്ഷേമനിധി വിഹിതം മുടങ്ങിയവര്‍ക്ക് കുടിശ്ശിക അടച്ച് അംഗത്വം തുടരാന്‍ അവസരം നല്‍കുന്ന കാര്യവും പരിഗണിക്കും. ഇതിനായി നിയമഭേദഗതി ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭ ലക്ഷ്യം കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കേരളത്തിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മറ്റൊരു സംവിധാനം ആവിഷ്‌കരിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. പണമയയ്ക്കലിനെ മാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയില്‍നിന്ന് നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്രാനിരക്കുകളുടെ വര്‍ധന പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണെന്ന വിഷയം കേന്ദ്ര വ്യോമയാന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പെന്‍ഷന്‍ കുടിശ്ശിക തീര്‍പ്പാക്കല്‍, ക്ഷേമനിധി വിഹിതം പിരിച്ചെടുക്കല്‍, പുതുക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പാക്കല്‍ എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന നടപടികള്‍.
Related News