വാഷിങ്ടണ്‍: ആരോഗ്യനിലയെക്കുറിച്ചും പ്രചാരണ റാലികള്‍ റദ്ദാക്കിയതിനെക്കുറിച്ചും ചോദ്യം ഉന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകനെ 'വൃത്തികെട്ടവന്‍' എന്നു വിളിച്ച ട്രംപ് അവരുടെ ആകാരത്തെ അപമാനിച്ചു. 'ശരീരം ശ്രദ്ധിക്കണം, നിങ്ങളെ കണ്ടാല്‍ നരകിച്ചിരിക്കുന്നതുപോലെയുണ്ട്' എന്നും പരിഹസിച്ചു.
കാന്‍സസിലും അയോവയിലും നടത്താനിരുന്ന പ്രചാരണ റാലികള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. രാജ്യത്തുടനീളം ആഴ്ചകളായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തുവരുന്ന ട്രംപ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ കാന്‍സസിലേക്കുള്ള യാത്ര ഒഴിവാക്കിയതെന്നായിരുന്നു ചോദ്യം.
ഇതോടെ ട്രംപ് പ്രകോപിതനായി. 'അത്തരമൊരു ചോദ്യം ചോദിക്കുന്നത് തന്നെ രോഗാതുരമായ കാര്യമാണ്. നിങ്ങള്‍ക്ക് എന്തോ പ്രശ്നമുണ്ട്' എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകന്‍ റോയിട്ടേഴ്സില്‍ നിന്നാണെന്ന് വ്യക്തമാക്കിയപ്പോള്‍ ആ വാര്‍ത്താ ഏജന്‍സിയെയും ട്രംപ് വിമര്‍ശിച്ചു.
താന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് മാത്രമാണ് ചോദിച്ചതെന്ന് റിപ്പോര്‍ട്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ട്രംപ് അദ്ദേഹത്തിന്റെ ശാരീരിക രൂപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമായി മുന്നോട്ടുപോയി. 'ഇയാളെ നോക്കൂ, ഇയാള്‍ക്ക് ശരീരത്തിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
തുടര്‍ന്ന് ആരോഗ്യനിലയെക്കുറിച്ചുള്ള ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ട്രംപ് അവകാശപ്പെട്ടു. പിന്നാലെ മാധ്യമപ്രവര്‍ത്തകനെ 'വെറുപ്പുളവാക്കുന്നവന്‍' എന്നു വിളിക്കുകയും ശരീരസൗന്ദര്യം ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് രണ്ട് റാലികള്‍ റദ്ദാക്കിയത്. ശനിയാഴ്ച കാന്‍സസിലെ സലീനയിലും ഞായറാഴ്ച അയോവയിലെ ഡബ്യൂക്കിലുമായിരുന്നു പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.
കാന്‍സസിലേക്ക് പോകേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷലിന്റെ വിജയസാധ്യതയെക്കുറിച്ച് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. പിന്നാലെ അയോവയിലെ റാലിയും റദ്ദാക്കിയതായി റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി അറിയിച്ചു.
നേരിട്ടുള്ള റാലികള്‍ക്ക് പകരം തിരഞ്ഞെടുപ്പിന് മുമ്പ് കുറഞ്ഞത് 19 സംസ്ഥാനങ്ങളില്‍ ടെലി റാലികള്‍ സംഘടിപ്പിക്കുമെന്ന് ട്രംപിന്റെ പ്രചാരണ ഫണ്ടിങ് സംഘടനയായ മാഗാ ഇന്‍ക് അറിയിച്ചു. കാന്‍സസും അയോവയും ഇതില്‍ ഉള്‍പ്പെടും.
ഒക്ടോബര്‍ ഒന്നുമുതല്‍ 19 സംസ്ഥാനങ്ങളിലായി 25 റാലികളില്‍ ട്രംപ് പങ്കെടുത്തിട്ടുണ്ട്. നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിലവിലുള്ള നേരിയ ഭൂരിപക്ഷം നിലനിര്‍ത്താനാകുമോ എന്നതാണ് പ്രധാന ചോദ്യം.
രണ്ട് റാലികള്‍ റദ്ദാക്കിയെങ്കിലും ഫ്ലോറിഡയില്‍ നടക്കുന്ന മറ്റൊരു പ്രചാരണ പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Related News