റിയാദ്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗവും മുന്‍ ചെയര്‍മാനുമായിരുന്ന എ. അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ഉപഹാരം അബ്ദുസ്സലാം തൃക്കരിപ്പൂരിന് കൈമാറുകയും ചെയ്തു.
റിയാദില്‍ കെഎംസിസിയുടെ സംഘാടനത്തില്‍ എക്കാലത്തും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു അബ്ദുസ്സലാം തൃക്കരിപ്പൂരെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫിന്റെ യൂണിറ്റ് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മുസ്ലിം യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പദവി അലങ്കരിക്കുകയും മികച്ച സംഘാടന പാടവം തെളിയിക്കുകയും ചെയ്തു. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള അദ്ദേഹം തൃക്കരിപ്പൂര്‍ സി.എച്ച്. സെന്ററിന്റെ ഗള്‍ഫ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്. ദീര്‍ഘകാലം റിയാദില്‍ കെഎംസിസിയുടെ നിയോജകമണ്ഡലം, ജില്ലാ, സെന്‍ട്രല്‍ കമ്മിറ്റി ഘടകങ്ങളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തകരെ സംഘാടനത്തിലേക്ക് കൊണ്ടുവരികയും ധാരാളം പേര്‍ക്ക് പ്രചോദനമായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഐബ് പനങ്ങാങ്ങര, കെ.കെ. കോയാമു ഹാജി, മൊയ്തീന്‍ കുട്ടി തെന്നല, സത്താര്‍ താമരത്ത്, യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, ജലീല്‍ തിരൂര്‍, ഷമീര്‍ പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ സംസാരിച്ചു. ജാഫര്‍ തങ്ങള്‍ കൊടുവള്ളി ഖിറാഅത്ത് നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് സ്വാഗതവും സിറാജ് മേടപ്പില്‍ നന്ദിയും പറഞ്ഞു.
Related News