വാഷിങ്ടണ്‍: ഹിന്ദുത്വ ദേശീയതയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയില്‍ അഴിമതിക്കും വിവേചനത്തിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും അമേരിക്കന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം റോ ഖന്ന. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് എക്‌സിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ്., ഹിന്ദുത്വ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖന്നയുടെ നിലപാട് എന്താണെന്ന അമേരിക്കന്‍ അക്കാദമിക് ഗവേഷകനായ ഗൗരവ് സബ്‌നിസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റോ ഖന്ന. ഇന്ത്യയുമായും അമേരിക്കയിലെ ഇന്ത്യക്കാരുമായും ബന്ധപ്പെട്ട യു.എസ് കോണ്‍ഗ്രസിന്റെ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ റോ ഖന്നയുടെ നിലപാടിന് വലിയ പ്രാധാന്യമുണ്ട്. ഖന്നയുടെ പ്രസ്താനവനയോട് വിദേശ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് പ്രസ്താവനയെ അലപിച്ചു.
രാഷ്ട്രീയ തടവുകാര്‍ മുതല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുവരെയുള്ള സംഭവങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്നതിനെക്കുറിച്ച് പുരോഗമനവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന റോ ഖന്ന മൗനം പാലിക്കുകയാണെന്ന സബ്‌നിസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കവെയാണ് റോ ഖന്ന നിലപാട് വ്യക്തമാക്കിയത്.
'ഹിന്ദുത്വ ദേശീയതയെ ഞാന്‍ നിസ്സംശയം അപലപിച്ചിട്ടുണ്ട്. അഴിമതിക്കും വിവേചനത്തിനുമെതിരെ തെരുവിലിറങ്ങി ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥികളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു' എന്ന് ഖന്ന കുറിച്ചു.
തന്റെ മുത്തച്ഛന്‍ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ബഹുസ്വരതാ കാഴ്ചപ്പാടിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിഫോര്‍ണിയയിലെ 17ാം കോണ്‍ഗ്രസ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോ ഖന്ന, അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ പ്രമുഖ പുരോഗമനവാദികളിലൊരാളാണ്. 2016ലാണ് ആദ്യമായി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബെര്‍ണി സാന്‍ഡേഴ്‌സിന്റെ 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹഅധ്യക്ഷനുമായിരുന്നു.
നവംബര്‍ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിതേഷ് ടണ്ടനെ 42,000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഖന്ന ആറാം തവണയും വിജയിച്ചു. അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ ഇന്ത്യ, ഇന്ത്യന്‍ അമേരിക്കന്‍ കോക്കസിന്റെ സഹഅധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്.) സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു. പഞ്ചാബിലെ ഗുരുദ്വാരകള്‍ക്ക് പുറത്തുണ്ടായ വെടിവെപ്പുകളെ 'സ്വയംനീതി നടപ്പാക്കുന്ന സംഘങ്ങളുടെ ആക്രമണങ്ങള്‍' എന്നാണ് കമ്മീഷന്‍ വിശേഷിപ്പിച്ചത്.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ സ്വാധീനം ലഭിച്ച പശ്ചാത്തലത്തിലാണ് ഖന്നയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് വരുംകാലത്ത് എന്ത് സ്വാധീനമുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിട്ടുണ്ട്.
Related News