റിയാദ്: സൗദി അറേബ്യയിലുടനീളം സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനകളില്‍ ഒരാഴ്ചക്കുള്ളില്‍ 11,600 ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ പിടിയിലായി. 2026 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ നടപ്പിലാക്കിയ ഫീല്‍ഡ് ക്യാമ്പയിനുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായവരില്‍ 6,043 പേര്‍ ഇഖാമ നിയമലംഘകരും, 3,191 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരും, 2,353 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,678 പേരെയും, രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെയും അതിര്‍ത്തിയില്‍ വെച്ച് സുരക്ഷാ സേന പിടികൂടി. കൂടാതെ, നിയമലംഘകര്‍ക്ക് അഭയം നല്‍കല്‍, യാത്രാസൗകര്യം ഒരുക്കല്‍, ജോലി നല്‍കല്‍ എന്നിവയില്‍ ഏര്‍പ്പെട്ട 29 വ്യക്തികളും അറസ്റ്റിലായിട്ടുണ്ട്.
നിലവില്‍ 2,293 വനിതകള്‍ ഉള്‍പ്പെടെ 41,000-ത്തിലധികം നിയമലംഘകരാണ് നിയമനടപടികള്‍ക്ക് വിധേയരായി അധികൃതരുടെ കസ്റ്റഡിയിലുള്ളത്
രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്തുന്നതിനും, അവര്‍ക്ക് താമസവും ജോലി സൗകര്യവും നല്‍കുന്നതിനും തുനിയുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും, 10 ലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും കുറ്റക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
Related News