ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ധന്‍തേരാസ് ആഘോഷരാത്രിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അയല്‍ക്കാരന്റെ വെടിയേറ്റ് പ്രവാസി കൊല്ലപ്പെട്ടു. സെക്ടര്‍ 21ഇയില്‍ താമസിക്കുന്ന പരംജീത് ധങ്കര്‍ ആണ് കൊല്ലപ്പെട്ടത്. മൂന്നാം നിലയില്‍ താമസിക്കുന്ന മോഹന്‍ എന്ന മോനു ശര്‍മ്മയാണ് സ്വന്തം ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് 15 മുതല്‍ 16 റൗണ്ട് വരെ വെടിയുതിര്‍ത്തത്.
സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന പരംജീത് നവംബര്‍ 24-ന് നടക്കാനിരിക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംഭവ ദിവസം രാത്രി എട്ട് മണിയോടെ ജിമ്മില്‍നിന്ന് തിരികെയെത്തിയ പരംജീതും മോഹനും തമ്മില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും, തുടര്‍ന്ന് മോഹന്‍ തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. 8 മുതല്‍ 9 വരെ വെടിയുണ്ടകള്‍ ഏറ്റ പരംജീത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതിയായ മോഹന്‍ കുടുംബത്തോടൊപ്പം സംഭവസ്ഥലത്തുനിന്ന് ഒളിവ് പോയി. ഇരു കുടുംബങ്ങളും തമ്മില്‍ മുന്‍പും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന് അഞ്ച് ദിവസം മുന്‍പ് വളര്‍ത്തുനായയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതി പരംജീതിന്റെ മകനെ ചീത്തവിളിച്ചിരുന്നു.
വിവരമറിഞ്ഞ് പോലീസും ക്രം ബ്രാഞ്ചും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഒഴിഞ്ഞ വെടിയുണ്ടകള്‍ കണ്ടെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Related News