കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 36കാരനായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. 2013 നവംബറില്‍ തുടങ്ങിയ 13 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് ഇതോടെ വിരാമമായി. 64 മത്സരങ്ങളില്‍നിന്ന് 229 വിക്കറ്റുകള്‍ നേടിയ ഷമി, ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. കരിയറിന്റെ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഷമി തഴയപ്പെട്ടത്. തിരുച്ചുവരാമെന്ന പ്രതീക്ഷ തുടരെ തകരുകയായിരുന്നു.
തുടര്‍ച്ചയായ പരിക്കുകളും ടെസ്റ്റിന്റെ ബൗളിംഗ് ഭാരം ഷമിക്ക് താങ്ങാനാവുമോയെന്ന സെലക്ടര്‍മാരുടെ ആശങ്കകളും യുവ ബൗളര്‍മാരെ പരിഗണിക്കാനുള്ള തീരുമാനവുമാണ് തിരിച്ചുവരവിന് തടസ്സമായത്. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ സജ്ജനാണെന്ന് ആവര്‍ത്തിച്ച ഷമി ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ ഫോം തെളിയിച്ചിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ പുനഃപരിശോധനക്ക് തയാറായില്ല.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്തയിലായിരുന്നു ഷമിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ ബൗളിങ് മികവ് തെളിയിച്ച താരം രണ്ടു ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. 118 റണ്‍സ് വഴങ്ങിയുള്ള ഒമ്പത് വിക്കറ്റുകളാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 13ാം വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'ഈ 13 വര്‍ഷത്തെ യാത്രയിലാണ് ഈ തൊപ്പിയും പന്തും എന്നെ മുഹമ്മദ് ഷമിയാക്കിയത്. പല ഉയര്‍ച്ചതാഴ്ചകളുമുണ്ടായി. വീണു, പരിക്കേറ്റു, വേദനിച്ചു. പക്ഷേ ഇന്ത്യന്‍ ടീമിന്റെ ഈ ചിഹ്നത്തിനുവേണ്ടി വീണ്ടും എഴുന്നേറ്റുനിന്നു. പരിശീലകര്‍, ട്രെയിനര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങി ഈ യാത്രയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി,' ഷമി പറഞ്ഞു.
ആരാധകരോടുള്ള നന്ദിയും താരം പ്രത്യേകം അറിയിച്ചു. 'ആരാധകര്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവുമാണ് ഈ പേര് ഇത്രത്തോളം എത്തിച്ചത്. ക്രിക്കറ്റിനെ സ്‌നേഹിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും വലിയ നന്ദി. നവംബര്‍ ആറിനാണ് ഞാന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേ തീയതിയില്‍ത്തന്നെ ഈ 13 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കുകയാണ്,' അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 ക്രിക്കറ്റിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്ന് ഷമി അറിയിച്ചു. ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനായി ആവശ്യമായാല്‍ ദൈര്‍ഘ്യമേറിയ ആഭ്യന്തര മത്സരങ്ങളിലും കളിക്കുമെന്നും വ്യക്തമാക്കി.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു ഇന്ത്യയ്ക്കായി ഷമി അവസാനമായി ടെസ്റ്റ് കളിച്ചത്. സ്വന്തം നാട്ടിലെ പിച്ചുകളിലും മികവ് തെളിയിച്ച ഷമി രണ്ടാം ഇന്നിങ്‌സുകളില്‍ കൂടുതല്‍ അപകടകാരിയാകുന്ന ബൗളറെന്ന പ്രത്യേകതയും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ 2016ലെ പരമ്പരയില്‍ അലിസ്റ്റര്‍ കുക്കിന്റെ സ്റ്റംപ് രണ്ടായി പിളര്‍ത്തിയ പന്ത് ഉള്‍പ്പെടെ നിരവധി പ്രകടനങ്ങള്‍ ശ്രദ്ധേയമായി. പുറത്താക്കിയ ബാറ്റര്‍മാരില്‍ ഏകദേശം 45 ശതമാനവും ബൗള്‍ഡായോ എല്‍.ബി.ഡബ്ല്യുവായോ ആണ് മടങ്ങിയത്.
ഷമി കളിച്ച 64 ടെസ്റ്റുകളില്‍ ഇന്ത്യ 31 മത്സരങ്ങള്‍ ജയിക്കുകയും 13 എണ്ണം സമനിലയിലാക്കുകയും ചെയ്തു. ഒരിക്കല്‍പ്പോലും സ്വന്തം നാട്ടില്‍ പരമ്പര തോറ്റ ടീമിന്റെ ഭാഗമായിട്ടില്ല. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 27.71 ആണ് ബൗളിങ് ശരാശരി; 50.2 ആണ് സ്‌െ്രെടക്ക് റേറ്റ്. ഇന്ത്യയില്‍ 22.1 ശരാശരിയിലും 42.6 സ്‌െ്രെടക്ക് റേറ്റിലുമാണ് വിക്കറ്റ് വീഴ്ത്തിയത്. സ്വന്തം നാട്ടില്‍ ഇതിലും മികച്ച സ്‌െ്രെടക്ക് റേറ്റുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ മൂന്നുപേര്‍ മാത്രമാണ്.
ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ജനിച്ച ഷമി മികച്ച ക്രിക്കറ്റ് അവസരങ്ങള്‍ തേടിയാണ് ബംഗാളിലെത്തിയത്. 2010 നവംബറില്‍ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറി. ഇപ്പോഴും ബംഗാള്‍ ടീമില്‍ തുടരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടിയാണ് കളിക്കുന്നത്.
2025 മാര്‍ച്ചിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഷമി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. തുടര്‍ച്ചയായ പരിക്കുകളും പേസ് ബൗളര്‍മാര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളും ടീമിന്റെ ഭാവി പദ്ധതികളില്‍നിന്ന് അദ്ദേഹത്തെ അകറ്റിയിരുന്നു.
Related News