l o a d i n g

കായികം

പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ, നീ ഇറങ്ങുമ്പോള്‍ ശൂന്യത നിറയുന്നു

Thumbnail
Publisher By     മുനീർ വാളക്കുട
November 7, 2026


ഫുട്‌ബോളില്‍ ചില വിടവാങ്ങലുകള്‍ കേവലമൊരു വിരമിക്കലല്ല. അതൊരു കാലഘട്ടത്തിന്റെ അവസാനമാണ്. ചില താരങ്ങള്‍ കളി മതിയാക്കുമ്പോള്‍ അവരുടെ കാലടിപ്പാടുകള്‍ മായുന്നു. എന്നാല്‍ മറ്റു ചിലര്‍ ചരിത്രത്തിന്റെ നെഞ്ചില്‍ സ്വന്തം പേര് കൊത്തിവെച്ചാണ് മടങ്ങുന്നത്. അവരുടെ അഭാവം പോലും സാന്നിധ്യമായി അനുഭവപ്പെടും. അങ്ങനെയൊരു വിടവാങ്ങലിനാണ് ഫുട്‌ബോള്‍ ലോകം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. അതെ, പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി ഉണ്ടാകില്ല. രാജ്യത്തിനുവേണ്ടി 23 വര്‍ഷം നീണ്ടുനിന്ന അസാധാരണ യാത്രയ്ക്ക് അദ്ദേഹം വിരാമമിട്ടിരിക്കുന്നു. ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സ് അറിയാതെ നിശബ്ദമാകും.

റൊണാള്‍ഡോയുടെ വിരമിക്കല്‍ ഫുട്‌ബോള്‍ ലോകത്തെ ഇപ്പോള്‍ നിശബ്ദമാക്കിയിരിക്കുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ലോകത്തെ അമ്പരപ്പിക്കുന്ന ഒന്നായിരിക്കില്ല. കാരണം പ്രായം അതിന്റെ സ്വാഭാവിക സൂചനകള്‍ മുമ്പേ നല്‍കിക്കഴിഞ്ഞിരുന്നു. കാലം ഒരിക്കലും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്ന സത്യം അദ്ദേഹത്തിനും അറിയാമായിരുന്നു. എങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആ ചെങ്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ അതിനൊപ്പം അവസാനിക്കുന്നത് ഒരുപാട് ഓര്‍മ്മകളാണ്. ഒരു തലമുറയുടെ ആഘോഷങ്ങളാണ്. പരാജയങ്ങളുടെ നിശബ്ദതയും വിജയങ്ങളുടെ കണ്ണീരുമാണ്.

2003 ആഗസ്റ്റില്‍ കസാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ദേശീയ അരങ്ങേറ്റം. അന്ന് ലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പുതുതായി എത്തിയ അസാധാരണമായ വേഗവും പന്തടക്കവും ഡ്രിബ്ലിങ് മികവുമുള്ള ഒരു ചെറുപ്പക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. എന്നാല്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ മറ്റെന്തോ ഉണ്ടായിരുന്നു. സാധാരണ പ്രതിഭകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള അസാധാരണമായ ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആകണമെന്ന സ്വപ്നം. അതിനുവേണ്ടി സ്വന്തം ശരീരത്തെയും മനസ്സിനെയും നിരന്തരം പരിശീലിപ്പിക്കാനുള്ള അസാമാന്യമായ ഇച്ഛാശക്തി. അതുവരെ പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെ ചരിത്രമെന്നാല്‍ യുസേബിയോയുടെ ഓര്‍മ്മകളായിരുന്നു. പിന്നെ ലൂയിസ് ഫിഗോയുടെ നേതൃത്വത്തില്‍ പുതിയൊരു തലമുറയും വളര്‍ന്നുവന്നു. ആ തലമുറയുടെ തുടര്‍ച്ചയായിട്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ദേശീയ ടീമിലെത്തിയത്. എന്നാല്‍ വരുംകാലങ്ങളില്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ മുഖമായി മാറാന്‍ പോകുന്നത് ആ മെലിഞ്ഞ ചെറുപ്പക്കാരനായിരിക്കുമെന്ന് ആരും തിരിച്ചറിഞ്ഞില്ല.

കാലം അതിനുള്ള ഉത്തരം നല്‍കിയത് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ചരിത്രത്തെ റൊണാള്‍ഡോയ്ക്ക് മുമ്പും ശേഷവും എന്നിങ്ങനെ വേര്‍തിരിച്ചു പറയാന്‍ കഴിയുന്ന വിധത്തിലേക്കുള്ള വളര്‍ച്ചയിലൂടെയായിരുന്നു. 2004 യൂറോകപ്പ് റൊണാള്‍ഡോയുടെ കരിയറിലെ ആദ്യത്തെ വലിയ അന്താരാഷ്ട്ര വേദിയായിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിയെങ്കിലും ഗ്രീസിനോട് ഒരു ഗോളിന് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടു. യൂറോപ്യന്‍ ഫുട്‌ബോളിന്റെ നെറുകയില്‍ എത്താനുള്ള രാജ്യത്തിന്റെ സ്വപ്നം തകര്‍ന്നു. അന്ന് കണ്ണീരോടെ നിന്ന ആ ചെറുപ്പക്കാരന്റെ ചിത്രം ആരും മറക്കാനിടയില്ല. കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു നിരാശയുടെ ഭാരം ചുമക്കേണ്ടി വന്നെങ്കിലും തന്റെ സ്വപ്നങ്ങളില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.


2006 ജര്‍മന്‍ ലോകകപ്പ് അദ്ദേഹത്തിന്റെ പുതിയൊരു അനുഭവമായിരുന്നു. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടെങ്കിലും, ലോകഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം കൂടുതല്‍ ശക്തമായി. അതിനുശേഷമുള്ള ഓരോ ടൂര്‍ണമെന്റുകളിലും ആ രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ആ ഏഴാം നമ്പറുകാരന്റെ ചുമലിലേക്ക് മാറി. ആറ് വീതം ലോകകപ്പുകളിലും യൂറോകപ്പിലും അദ്ദേഹം പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ചു. അത് കാലത്തിനോടും പ്രായത്തോടും ശരീരത്തിന്റെ പരിമിതികളോടും നടത്തുന്ന ദീര്‍ഘമായ ഒരു പോരാട്ടം കൂടിയായിരുന്നു.

2016ലെ യൂറോകപ്പായിരുന്നു റൊണാള്‍ഡോയുടെ ദേശീയ കരിയറിലെ ഏറ്റവും മനോഹരമായ കാലഘട്ടം. കരുത്തരായ ഫ്രാന്‍സിനെ അവരുടെ മണ്ണില്‍ തന്നെ കീഴടക്കി പോര്‍ച്ചുഗല്‍ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി. അതൊരു ചരിത്രനേട്ടമായിരുന്നു. രാജ്യത്തിനായി ഒരു പ്രധാന കിരീടം നേടണമെന്ന റൊണാള്‍ഡോയുടെ ദീര്‍ഘകാല ആഗ്രഹം അവിടെ പൂവണിഞ്ഞു. 2019 ലും 2025 ലും യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങള്‍ കൂടി സ്വന്തമാക്കിയതോടെ പോര്‍ച്ചുഗീസ് ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ യാത്ര കൂടുതല്‍ സമ്പന്നമായി. വ്യക്തിഗത നേട്ടങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ നേട്ടങ്ങളിലും നിര്‍ണായക സാന്നിധാനമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ചില മത്സരങ്ങളില്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പ്രായം കൂടുന്നതിനനുസരിച്ച് കളി ശൈലിയിലും മാറ്റം വന്നു. ഒരുകാലത്ത് വേഗതകൊണ്ട് പ്രതിരോധനിരകളെ കീറിമുറിച്ചിരുന്ന റൊണാള്‍ഡോ പിന്നീട് ഗോളുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പോര്‍ച്ചുഗലിനു വേണ്ടി 234 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകളാണ് ഈ ഇതിഹാസം നേടിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഗോളുകളുടെ എണ്ണം കേവലം ഒരു കളിക്കാരന്റെ മികവിന്റെ അടയാളങ്ങള്‍ മാത്രമല്ല; രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും രേഖകളാണ്. ഒരു തലമുറയുടെ തുടക്കം മുതല്‍ മറ്റൊരു തലമുറയുടെ വളര്‍ച്ച വരെ ഒരേ ജഴ്‌സിയില്‍ തുടരാന്‍ കഴിഞ്ഞതിന്റെ തെളിവുകളാണ്. എന്നാല്‍ റൊണാള്‍ഡോയെ ചരിത്രത്തില്‍ നിലനിര്‍ത്തുക ഈ കണക്കുകള്‍ മാത്രമായിരിക്കില്ല. പരാജയങ്ങളില്‍ നിന്ന് തിരിച്ചുവരാനുള്ള അദ്ദേഹത്തിന്റെ കഴിവും സ്വന്തം പരിമിതികളെ മറികടക്കാന്‍ നടത്തിയ അദ്ധ്വാനവുമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. ഒരുകാലത്തും അദ്ദേഹത്തിന്റെ എതിരാളി മറ്റൊരു കളിക്കാരനായിരുന്നില്ല. മറിച്ച്, ഇന്നലത്തെ റൊണാള്‍ഡോ തന്നെയായിരുന്നു. സ്വന്തത്തോട് തന്നെ മത്സരിക്കാനുള്ള ആ ത്വരയാണ് അദ്ദേഹത്തെ എന്നും ഒന്നാമനാക്കി നിര്‍ത്തിയത്.

ഫുട്‌ബോളിന്റെ സൗന്ദര്യവും ക്രൂരതയും ഒരുപോലെയാണ്. തന്റെ രാജ്യത്തിനുവേണ്ടി ഒരു ലോകകിരീടം ഉയര്‍ത്തണമെന്ന ആഗ്രഹം റൊണാള്‍ഡോയുടെ കരിയറില്‍ പൂര്‍ത്തിയാകാതെ പോയ ഒരു സ്വപ്നമാണ്. പരിശ്രമത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ചവനാകാം, റെക്കോര്‍ഡുകള്‍ സ്വന്തമാക്കാം; എന്നാല്‍ ഒരു വിശ്വകിരീടം സ്വന്തമാക്കാന്‍ വിധിയും അനുകൂലമാകണം. പക്ഷേ ആ സ്വപ്നം പൂവണിയാന്‍ വിധി അയാളെ അനുവദിച്ചില്ല. ആ കുറവ് ഒരു അപൂര്‍ണ്ണതയല്ലെന്ന് റൊണാള്‍ഡോ പലകുറി ലോകത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ലോകകപ്പ് കിരീടത്തിന്റെ അഭാവംകൊണ്ട് ആ ഇതിഹാസത്തിന്റെ നേട്ടങ്ങളെ അളക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്.


2026 നവംബര്‍ അഞ്ചിന് ലോകം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ പ്രഖ്യാപനമെത്തി. ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മറ്റൊരു തലമുറയ്ക്ക് കൈമാറാനുള്ള സമയമായെന്ന് അദ്ദേഹം അറിയിച്ചു. 23 വര്‍ഷമായി ധരിച്ചിരുന്ന, ലോകത്തിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോയ ആ ചെങ്കുപ്പായം ഇനി തന്റെ കൈകളില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില തീരുമാനങ്ങള്‍ ബുദ്ധികൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും എടുക്കേണ്ടി വരുമെന്ന റൊണാള്‍ഡോയുടെ വാക്കുകളില്‍ ഒരു വിടവാങ്ങലിന്റെ മുഴുവന്‍ വേദനയുണ്ടായിരുന്നു. ആ പ്രഖ്യാപനത്തിലെ ഏറ്റവും മനോഹരമായ കാര്യം, ഒരു കളിക്കാരന്‍ താന്‍ നേടിയ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജനങ്ങളുടെ സന്തോഷത്തെക്കുറിച്ച് സംസാരിച്ചതാണ്. തന്റെ ഒരു ഗോള്‍ ആരെയെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടെങ്കില്‍, ആരെയെങ്കിലും ഒരു നിമിഷം അവരുടെ വേദന മറക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍, രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അതെല്ലാം വിലപ്പെട്ടതാണെന്ന അദ്ദേഹത്തിന്റെ സന്ദേശം ശ്രദ്ധേയമായിരുന്നു. ഒരു ഫുട്‌ബോള്‍ താരത്തിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ വിജയം എന്താണെന്ന ചോദ്യത്തിന് അതില്‍ ഉത്തരമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോളില്‍ ഒരു മാറ്റത്തിന്റെ തുടക്കമാണ്. രണ്ടര പതിറ്റാണ്ടോളം ദേശീയ ടീമിന്റെ കേന്ദ്രബിന്ദുവായിരുന്ന ആ ഏഴാം നമ്പര്‍ ഇനി അവിടെ ഉണ്ടാകില്ല. ആ ടീമിന്റെ പുതിയ തലമുറയ്ക്ക് ഇതൊരു അവസരമാണ്. എന്നാല്‍ ഒരു വലിയ നിഴലിന്റെ അഭാവത്തില്‍ സ്വന്തം വെളിച്ചം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല.

റൊണാള്‍ഡോയുടെ വിടവാങ്ങലിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങളും മറന്നുകൂടാ. കളിക്കളത്തിലെ അമിതമായ വികാരപ്രകടനങ്ങള്‍, തോല്‍വികളോടുള്ള പ്രതികരണങ്ങള്‍, പരിശീലകരുമായും സഹതാരങ്ങളുമായും ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ കരിയര്‍ ഒരിക്കലും വിമര്‍ശനങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല. എന്നാല്‍ മഹാന്മാരായ കളിക്കാരെ വിലയിരുത്തുമ്പോള്‍ അവരുടെ അപൂര്‍ണ്ണതകളെ കൂടി നാം അംഗീകരിക്കേണ്ടതുണ്ട്. പിഴവുകളില്ലാത്ത മനുഷ്യരല്ല ചരിത്രത്തിലെ മഹാന്മാര്‍; പിഴവുകള്‍ക്കിടയിലും അവര്‍ നേടിയെടുക്കുന്ന മഹത്തായ കാര്യങ്ങളാണ് അവരെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത്.

ഒരിക്കല്‍ മഡെയ്‌റയിലെ തെരുവുകളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ വേദികളിലേക്ക് യാത്ര ആരംഭിച്ച ആ ബാലന്‍ ഇന്ന് ചരിത്രത്തിലേക്ക് മടങ്ങുകയാണ്. ജീവിതം അദ്ദേഹത്തിന് നല്‍കിയ എല്ലാ അവസരങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളില്‍ കളിച്ചു, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി, ചാമ്പ്യന്‍സ് ലീഗ് രാവുകളില്‍ ചരിത്രം രചിച്ചു, ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു. അതിനപ്പുറം ഒരു കളിക്കാരന് ജീവിതത്തില്‍ എന്താണ് നേടാന്‍ കഴിയുക? രാജ്യാന്തര കളിമുറ്റങ്ങളില്‍ ഇനി ആ കാല്‍പ്പാടുകള്‍ പതിയില്ല. സമയത്തിന്റെ മാന്ത്രികപ്പലയില്‍ അയാള്‍ കോറിയിട്ട വിസ്മയങ്ങള്‍ക്ക് ഇനി തുടര്‍ച്ചയുണ്ടാവില്ല. സി.ആര്‍. 7 എന്ന രണ്ടക്ഷരം ലോകത്തിന്റെ നെഞ്ചകം പിളര്‍ന്ന് ആര്‍ത്തലച്ച യുഗത്തിന് ഒടുവില്‍ തിരശ്ശീല വീണിരിക്കുന്നു.

മൈതാനങ്ങളെ വിറപ്പിച്ച, ഗോള്‍വലകളെ ചുംബിച്ച ആ വിഖ്യാതമായ ബൂട്ട് അഴിച്ചുവെക്കുമ്പോള്‍ കാല്‍പ്പന്തിന്റെ ഹൃദയത്തില്‍ നിന്ന് ഒരു വലിയ കഷണം മുറിച്ചെടുക്കുന്നത് പോലെയാണ്. പ്രായത്തെയും പ്രതിസന്ധികളെയും തോല്‍പ്പിച്ച് കഠിനാധ്വാനത്തിന്റെ വിയര്‍പ്പുകണങ്ങള്‍ കൊണ്ട് അയാള്‍ പണിതുയര്‍ത്തിയ ആ സാമ്രാജ്യം ഇനിയൊരു ചരിത്രപുസ്തകമാണ്. 'SIUUU' എന്ന ആ സിംഹഗര്‍ജനം ഒരിറ്റ് കണ്ണീരോടെയല്ലാതെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഓര്‍ക്കാനാകില്ല.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
November 7, 2026
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
November 7, 2026
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
November 7, 2026
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
November 7, 2026
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
November 7, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
November 7, 2026
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 7, 2026
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
November 7, 2026

Related News