തിരുവനന്തപുരം: പെട്രോളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് മിന്നല്‍ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പമ്പുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കര്‍ണാടകയില്‍ നടത്തിയ പരിശോധനയില്‍ ചില പെട്രോള്‍ സാമ്പിളുകളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേരളത്തിലും പരിശോധന നടത്തുന്നത്. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്ക് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അമിത എഥനോള്‍ കലര്‍ത്തിയതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് ഓരോ ജില്ലയിലും അഞ്ച് പെട്രോള്‍ പമ്പുകള്‍ വീതമാണ് പരിശോധനയ്ക്ക് തിരഞ്ഞെടുക്കുക. ഓരോ പമ്പില്‍നിന്നും ആറു സാമ്പിളുകള്‍ വീതം ശേഖരിക്കും. എഥനോളിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കര്‍ണാടകയില്‍ ഏഴ് ജില്ലകളില്‍നിന്ന് ശേഖരിച്ച 63 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ചിലതില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തിയെന്നാണ് സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി റിസ്‌വാന്‍ അര്‍ഷാദ് അറിയിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഒരു സാമ്പിളില്‍ 31.2 ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സാമ്പിളില്‍ 30.5 ശതമാനവും കണ്ടെത്തി. എന്നാല്‍ ഈ പരിശോധനയുടെ രീതിശാസ്ത്രത്തെയും സാമ്പിള്‍ ശേഖരണ നടപടികളെയും എണ്ണക്കമ്പനികള്‍ ചോദ്യം ചെയ്തു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട് കര്‍ണാടകയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളുകളിലും എഥനോള്‍ അളവ് നിശ്ചിത 19-21 ശതമാനം പരിധിയിലായിരുന്നുവെന്നാണ് മന്ത്രാലയം അറിയിച്ചത്. കര്‍ണാടകയില്‍ പരിശോധിച്ച 56 സാമ്പിളുകളിലും 19-20 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. സംശയങ്ങള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധനയും സ്വതന്ത്ര ലബോറട്ടറി പരിശോധനയും വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ആശ്രിതത്വം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനുമുള്ള കേന്ദ്രനയത്തിന്റെ ഭാഗമാണ് പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്ന ഇ20 പദ്ധതി . എന്നാല്‍ അമിതമായ എഥനോള്‍ കലര്‍ത്തല്‍ വാഹനങ്ങളുടെ മൈലേജിനെയും ഇന്ധന സംവിധാനത്തിലെ ചില ഘടകങ്ങളെയും ബാധിക്കുമെന്ന ആശങ്ക വാഹനയുടമകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ പരിശോധനാഫലം പുറത്തുവരുന്നതോടെ രാജ്യവ്യാപകമായി ചര്‍ച്ചയായ ഇ20 വിവാദത്തില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ
Related News