സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മൂടിവെച്ച രഹസ്യങ്ങളില്‍ വെളിച്ചം വീശി മുന്‍ ഓപണര്‍ ഉസ്മാന്‍ ഖ്വാജയുടെ ആത്മകഥ പുറത്തിറങ്ങുന്നു. 'സബ്ര്‍' (ക്ഷമ) എന്നു പേരിട്ട ആത്മകഥയില്‍ ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച 'സാന്‍ഡ്‌പേപ്പര്‍ ഗെയ്റ്റ്' സംഭവത്തെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ട്. 2018ലെ കുപ്രസിദ്ധമായ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ പന്ത് സാന്‍ഡ്‌പേപ്പര്‍ കൊണ്ട് ചുരണ്ടി രൂപഭേദം വരുത്തിയ സംഭവമാണ് 'സാന്‍ഡ്‌പേപ്പര്‍ ഗെയ്റ്റ്'. ഇത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെയും ക്രിക്കറ്റര്‍മാരുടെ പെരുമാറ്റ രീതികളെയും കുറിച്ച് വന്‍ വിവാദം അഴിച്ചുവിടുകയും മൂന്ന് കളിക്കാര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു.
സംഭവത്തില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റും മാത്രം കുറ്റക്കാരെന്ന അന്വേഷണ റിപ്പോര്‍ട്ടിനെയാണ് ഖ്വാജ ചോദ്യം ചെയ്യുന്നത്. ടീമിലെ എല്ലാവരും അറിഞ്ഞാണ് പന്ത് ചുരണ്ടിയതെന്നും അതിന് മൂന്നു പേരെ മാത്രം ബലിയാടാക്കുകകായിരുന്നുവെന്നും ആത്മകഥയില്‍ ഖ്വാജ പറയുന്നു.
2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിനിടെയാണ് 'സാന്‍ഡ്‌പേപ്പര്‍ഗേറ്റ്' എന്നറിയപ്പെട്ട പന്തുചുരണ്ടല്‍ വിവാദം ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയത്. പന്തില്‍ കൃത്രിമം വരുത്താന്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച സംഭവത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും വിലക്കേര്‍പ്പെടുത്തി.
എന്നാല്‍, സംഭവത്തെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്നാണ് ഖ്വാജയുടെ വാദം. 'അത് ഞങ്ങളെല്ലാവരുമായിരുന്നു. ബാറ്റര്‍മാരോ ബൗളര്‍മാരോ പരിശീലകസംഘമോ മാത്രമല്ല, എന്നായിരുന്നു ആത്മകഥയെ ഉദ്ധരിച്ച് സിഡ്‌നി മോണിങ് ഹെറാള്‍ഡ്്്് വെളിപ്പെടുത്തിയത്.
കേപ്ടൗണ്‍ ടെസ്റ്റിന് മുമ്പ് പോര്‍ട്ട് എലിസബത്തിലെ രണ്ടാം ടെസ്റ്റിലും പന്തിന്റെ രൂപം മാറ്റാനുള്ള ശ്രമം നടന്നിരുന്നുവെന്നും ഖ്വാജ പറയുന്നു. ഡ്രസ്സിങ് റൂമില്‍ പന്ത് ചുരണ്ടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും സാന്‍ഡ്‌പേപ്പര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് ബാന്‍ക്രോഫ്റ്റ് അത് ഉപയോഗിക്കാന്‍ തയ്യാറായെന്നും ഖ്വാജ ആരോപിക്കുന്നു.
വിവാദത്തിന് പിന്നാലെ മൂന്ന് താരങ്ങള്‍ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം ടീം ഒന്നാകെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ഖ്വാജ വെളിപ്പെടുത്തി. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തില്‍ മറ്റ് താരങ്ങള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍.
2018ലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന്
പുതിയ വെളിപ്പെടുത്തലുകളോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു. പ്രസക്തമായ പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.
88 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ഖ്വാജ ഈ വര്‍ഷം ജനുവരിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.
Related News