മുംബൈ: മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി (എസ്.പി)യെ എന്‍.ഡി.എ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ കച്ച കെട്ടിയിറങ്ങിയിരിക്കെ എതിര്‍പ്പ് ശക്തമാക്കി പാര്‍ട്ടിയിലെ മറുവിഭാഗം. പവാറിന്റെ മകള്‍ സുപ്രിയ സൂലെക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കി പവാറിന്റെ എന്‍.സി.പിയെ എന്‍.ഡി.എയില്‍ ഉള്‍പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അന്തരിച്ച അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗം ലയനത്തെ ശക്തമായി എതിര്‍ക്കുകയാണ്. അസുഖത്തെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ശരദ് പവാറിനെ അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ വീണ്ടും സന്ദര്‍ശിച്ചു. മുംബൈയിലെ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കിലെത്തിയ പാര്‍ഥ് രണ്ടു മണിക്കൂറിലേറെ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. ശനിയാഴ്ചയും പാര്‍ഥ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
പാര്‍ട്ടികള്‍ തമ്മില്‍ ലയന ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് എന്‍.സി.പി വ്യക്തമാക്കി. ലയനത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു ചര്‍ച്ചപോലും നടന്നിട്ടില്ലെന്ന് എന്‍.സി.പി മുഖ്യ വക്താവ് ഉമേഷ് പാട്ടീല്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന ശരദ് പവാറിന്റെ സാഹചര്യത്തില്‍ ഇത്തരം രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ലയനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്നും താല്‍പര്യങ്ങളുള്ള ചിലര്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പാട്ടീല്‍ ആരോപിച്ചു. രണ്ട് പാര്‍ട്ടികളും ലയിക്കേണ്ട സാഹചര്യം എന്താണെന്നും അത്തരമൊരു ചര്‍ച്ച എവിടെയും നടന്നിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ലയന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പാര്‍ഥ് പവാര്‍, ഉപമുഖ്യമന്ത്രിയും അമ്മയുമായ സുനേത്ര പവാര്‍, ശരദ് പവാറിന്റെ മകളും എന്‍.സി.പി (എസ്.പി) പ്രവര്‍ത്തക അധ്യക്ഷയുമായ സുപ്രിയ സുലെ എന്നിവര്‍ രണ്ടു ദിവസം മുമ്പ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട കുടുംബസംഗമത്തിന്റെ ഭാഗമായാണ് പാര്‍ഥ് ശരദ് പവാറിനെ സന്ദര്‍ശിച്ചതെന്നാണ് എന്‍.സി.പി വിശദീകരണം. വരള്‍ച്ചയും പാര്‍ഥിന്റെ പിതാവായ അജിത് പവാറിന്റെ മരണവും കാരണം ഇത്തവണ പവാര്‍ കുടുംബം പതിവുപോലെ ദീപാവലി ആഘോഷിക്കുന്നില്ല. അതിനാല്‍ ദീപാവലി ആദ്യദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോള്‍ പാര്‍ഥും പങ്കെടുത്തതാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
ലയന നീക്കത്തോട് എന്‍.സി.പി (എസ്.പി) എം.എല്‍.എ രോഹിത് പവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലയനത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും വിഷയം ചര്‍ച്ചയായിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
2023ല്‍ എന്‍.സി.പിയിലുണ്ടായ പിളര്‍പ്പിനുശേഷം ശരദ് പവാര്‍ വിഭാഗവും അജിത് പവാര്‍ വിഭാഗവും വ്യത്യസ്ത രാഷ്ട്രീയ ചേരികളിലാണ്. അജിത് പവാറിന്റെ മരണത്തിനു പിന്നാലെ ഇരുവിഭാഗങ്ങളും ഒന്നിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായെങ്കിലും ഔദ്യോഗിക തലത്തില്‍ ലയനനീക്കം സ്ഥിരീകരിച്ചിട്ടില്ല.
Related News