ബെയ്ജിംഗ്: അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനി മേധാവിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ യുവതി ചൈനക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന ആരോപണം കത്തിപ്പടരുന്നു. എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങാണ് ഒരു ചൈനീസ് സുന്ദരിയുമായി വിവഹേതര ബന്ധം സ്ഥിരീകരിച്ചത്. ഹുവാങുമായി ബന്ധമുണ്ടായിരുന്ന വനിത ചൈനയ്ക്കുവേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന അമേരിക്കയുടെ ആരോപണം ചൈന തള്ളി. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പ്രതികരിച്ചു.
ഹുവാങ് വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം ശക്തമായത്. ചൈനീസ് പൗരത്വമുള്ള ആലിസ് ഹുവാങ് എന്ന ബിസിനസ് എക്‌സിക്യൂട്ടീവുമായാണ് ബന്ധമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ചൈനയ്ക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്്.
ചൈനയിലേക്ക് അത്യാധുനിക കമ്പ്യൂട്ടര്‍ ചിപ്പുകള്‍ കടത്തിയെന്ന ആരോപണം നേരിട്ടിരുന്ന ഒരു കമ്പനിയുടെ നടത്തിപ്പുകാരിയാണ് ആലിസ് ഹുവാങ്. ഹുവാങിന് ചാരപ്രവര്‍ത്തനത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ, രഹസ്യമായതോ തന്ത്രപ്രധാനമായതോ ആയ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായി പരിശോധിക്കേണ്ടതെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ദി ഏഷ്യ ഗ്രൂപ്പിലെ ഡിജിറ്റല്‍ പ്രാക്ടീസ് മേധാവി ജോര്‍ജ് ചെന്‍ അഭിപ്രായപ്പെട്ടു.
വിവാദത്തെത്തുടര്‍ന്ന് എന്‍വിഡിയ ഓഹരികള്‍ അഞ്ചു ശതമാനം ഇടിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.
വിവാദം എന്‍വിഡിയയുടെ ചൈനീസ് വിപണിയിലെ ഇടപാടുകളിലേക്കും ശ്രദ്ധ തിരിച്ചിട്ടുണ്ട്. ചൈനയ്ക്ക് അത്യാധുനിക ചിപ്പുകള്‍ വില്‍ക്കുന്നതിനുള്ള അമേരിക്കന്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കാന്‍ ഹുവാങ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എച്ച്200 ചിപ്പുകള്‍ ചൈനയ്ക്ക് വില്‍ക്കാന്‍ ട്രംപ് ഈ വര്‍ഷം അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ ചിപ്പുകള്‍ വന്‍തോതില്‍ വാങ്ങാന്‍ ചൈനീസ് കമ്പനികള്‍ക്ക് ബെയ്ജിങ് അനുമതി നല്‍കുമോ എന്നത് വ്യക്തമല്ല.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കാരണം വളരെ കുറച്ച് ചിപ്പുകള്‍ മാത്രമാണ് ചൈനയില്‍ വിറ്റതെന്ന് എന്‍വിഡിയ ഓഗസ്റ്റില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിരുന്നു. അതിനുമുമ്പ് ചൈനീസ് വിപണിക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത എച്ച്20 ചിപ്പുകള്‍ വില്‍ക്കാനും ഹുവാങ് ശ്രമിച്ചിരുന്നു.
അതേസമയം, വിവാദ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ സമയത്തെ ചൈനീസ് മാധ്യമങ്ങള്‍ ചോദ്യം ചെയ്തു. വാഷിങ്ടണും ബെയ്ജിങ്ങും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന ഘട്ടത്തില്‍ അതിന് തടയിടാനുള്ള ശ്രമമാണ് ഇതെന്നും ചൈന-അമേരിക്ക ബന്ധം മെച്ചപ്പെടുമ്പോഴെല്ലാം പിന്നില്‍നിന്ന് ആക്രമണം നടത്തുന്നവരുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രതികരിച്ചു.
Related News