മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ എല്‍ക്ലാസിക്കോയില്‍ റയല്‍ മഡ്രീഡിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് ബാഴ്‌സലോണ. അത്‌ലറ്റിക്കൊ മഡ്രീഡിനെതിരെ അവരുടെ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ പിന്നിലായ ശേഷം തിരിച്ചടിച്ച് ബാഴ്‌സലോണ ജയിച്ചു കയറി. ഫെര്‍മിന്‍ ലോപ്പസിന്റെ ഇരട്ട ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ 2-1ന് ബാഴ്‌സലോണ തോല്‍പ്പിച്ചു. തോല്‍വിയുടെ വക്കില്‍നിന്ന് തിരിച്ചെത്തിയ ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനം കൂടുതല്‍ ഭദ്രമാക്കി.
12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡിനെക്കാള്‍ മൂന്ന് പോയന്റ് മുന്നിലാണ് ബാഴ്‌സ. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസവുമുണ്ട്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച തുടക്കം കുറിച്ച അത്‌ലറ്റിക്കോ പത്താം മിനിറ്റില്‍ തന്നെ മുന്നിലെത്തി. യൂലിയന്‍ അല്‍വാരസിന്റെ ഇടതുവശത്തുനിന്നുള്ള ക്രോസില്‍നിന്ന് ഗ്വിലിയാനോ സിമിയോണാണ് ആതിഥേയര്‍ക്കായി വലകുലുക്കിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച അത്‌ലറ്റിക്കോ ലീഡ് ഉയര്‍ത്താനുള്ള ശ്രമം നടത്തി.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ ബാഴ്‌സ തിരിച്ചടിച്ചു. ബോക്‌സിനുള്ളില്‍ ലഭിച്ച പന്ത് ഫെര്‍മിന്‍ ലോപ്പസ് വലയിലെത്തിച്ചതോടെ സ്‌കോര്‍ 1-1 ആയി.
രണ്ടാം പകുതിയില്‍ കൂടുതല്‍ നിയന്ത്രണത്തോടെ കളിച്ച ബാഴ്‌സ 66ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ലാമിന്‍ യമാലിന്റെ മനോഹരമായ പാസില്‍നിന്ന് ഫെര്‍മിന്‍ ലോപ്പസ് തകര്‍പ്പന്‍ ഫിനിഷിലൂടെ പന്ത് അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ യാന്‍ ഒബ്ലാക്കിനെ മറികടന്ന് വലയിലെത്തിച്ചു.
വിജയത്തോടെ അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ തുടര്‍ച്ചയായ അഞ്ചാം ലീഗ് മത്സരത്തിലും ജയമെന്ന നേട്ടവും ബാഴ്‌സ സ്വന്തമാക്കി.
ആദ്യ പകുതിയില്‍ കടുത്ത വെല്ലുവിളിയാണ് നേരിട്ടതെങ്കിലും തിരിച്ചുവന്ന് ജയിക്കാനായത് ടീമിന് ആത്മവിശ്വാസം നല്‍കിയെന്ന് മത്സരശേഷം ഫെര്‍മിന്‍ പറഞ്ഞു. സമനില ഗോള്‍ നേടിയതോടെ ടീമിന്റെ സമ്മര്‍ദം കുറഞ്ഞെന്നും രണ്ടാം പകുതിയില്‍ പ്രതിരോധത്തിലും ആക്രമണത്തിലും മികച്ച പ്രകടനം നടത്താനായെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഗോളിന് വഴിയൊരുക്കിയ യമാലിന്റെ പാസിനെയും ഫെര്‍മിന്‍ പ്രത്യേകം പ്രശംസിച്ചു.
Related News