ലണ്ടന്‍: ലൈംഗികാതിക്രമക്കേസില്‍ ബ്രിട്ടിഷ് കൊമേഡിയനും ഹോളിവുഡ് സ്റ്റാറുമായ റസ്സല്‍ ബ്രാന്റിന് പത്തര വര്‍ഷം തടവ്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങളില്‍ നടനെ കുറ്റക്കാരനെന്ന് കണ്ടെത്തി ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രാന്‍ഡ് ഒരു 'ലൈംഗിക വേട്ടക്കാരനാ'ണെന്നും കടുത്ത അഹങ്കാരമാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പ്രകടമായതെന്നും ശിക്ഷാവിധി പ്രസ്താവിക്കവെ ജഡ്ജി ജോയല്‍ ബെനാഥന്‍ പറഞ്ഞു.
51കാരനായ ബ്രാന്‍ഡിനെതിരെ 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ നാല് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ബലാത്സംഗക്കുറ്റത്തിന് ഒമ്പത് വര്‍ഷവും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലായി യഥാക്രമം 18 മാസം, ഒമ്പത് മാസം, എട്ട് മാസം വീതവുമാണ് ശിക്ഷ വിധിച്ചത്.
2009ല്‍ ലണ്ടനിലെ വീട്ടില്‍വെച്ച് 21കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഒമ്പത് വര്‍ഷത്തെ തടവ്. 2004ല്‍ ലണ്ടനിലെ ഒരു ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ യുവതിയെ ലൈംഗികമായി അതിക്രമിച്ചതിന് ഒമ്പത് മാസവും, 2004നോടടുപ്പിച്ച് ചോയ്‌സ് എഫ്.എം. സ്റ്റുഡിയോയില്‍വെച്ച് മറ്റൊരു യുവതിയെ അതിക്രമിച്ചതിന് 18 മാസവും ശിക്ഷ ലഭിച്ചു. 2009ല്‍ ചാനല്‍ 4ന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന യുവതിയെ സമ്മതമില്ലാതെ ലൈംഗികമായി അതിക്രമിച്ചതിനാണ് എട്ട് മാസം കൂടി തടവ്.
ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ ബ്രാന്‍ഡ് കോടതിയില്‍ പ്രതികരിച്ചില്ല. പിന്നീട് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കോടതിയിലുണ്ടായിരുന്ന ഭാര്യ ലോറ ബ്രാന്‍ഡിനോട് 'ഐ ലവ് യു' എന്ന് ആംഗ്യം കാണിച്ചു.
വിചാരണയില്‍ മൊഴി നല്‍കിയ സ്ത്രീകളുടെ ധൈര്യത്തെ ജഡ്ജി പ്രത്യേകം പ്രശംസിച്ചു. ബ്രാന്‍ഡിന്റെ പ്രശസ്തിയും താരപദവിയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ദീര്‍ഘകാലം സംരക്ഷിച്ചുവെന്നും 2023ല്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സ്ത്രീകള്‍ പൊലീസില്‍ പരാതികളുമായി എത്തിയതെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളോട് അനുമതിയില്ലാതെ ലൈംഗികമായി സമീപിക്കാനുള്ള അഹങ്കാരപൂര്‍ണമായ അവഗണനയാണ് ബ്രാന്‍ഡിന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നതെന്നും ജഡ്ജി പറഞ്ഞു. താരപദവിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ കൂട്ടാളികള്‍ മോശം പെരുമാറ്റത്തിന് കൂട്ടുനിന്നതായി കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷാവിധിക്ക് മുമ്പ് പരാതിക്കാരായ സ്ത്രീകളുടെ അനുഭവങ്ങള്‍ കോടതിയില്‍ വായിച്ചു. വര്‍ഷങ്ങളോളം ഞെട്ടലിലും മാനസിക സംഘര്‍ഷത്തിലുമായിരുന്നു താനെന്ന് ഒരു സ്ത്രീ പറഞ്ഞു. സംഭവങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും ആത്മാഭിമാനത്തെ ബാധിച്ചെന്നും അവര്‍ കോടതിയെ അറിയിച്ചു.
ഗുരുതരമായ ലൈംഗിക കുറ്റങ്ങളില്‍ നാലോ അതിലധികമോ വര്‍ഷം തടവിന് വിധിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയുടെ മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയാക്കിയ ശേഷം മോചനം ലഭിക്കാം. ബ്രാന്‍ഡിന്റെ കാര്യത്തില്‍ ഇത് ഏഴ് വര്‍ഷമായിരിക്കും. മോചിതനായാലും ശിക്ഷാകാലാവധി തീരുന്നതുവരെ ലൈസന്‍സിലുള്ള പ്രതിയായി തുടരുകയും ഇലക്ട്രോണിക് ടാഗ് ധരിക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കുകയും വേണം.
Related News