ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണും ഭാര്യ അന്ന കൊണിഡേലയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചു. 13 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് വേര്‍പിരിയാനുള്ള തീരുമാനമെടുത്തതെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു.
വിവാഹബന്ധം അവസാനിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മക്കളുടെ മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. മക്കളുടെ സന്തോഷവും ക്ഷേമവുമായിരിക്കും ഇനിയുള്ള കാലത്തും തങ്ങളുടെ മുന്‍ഗണനയെന്നും അവര്‍ പറഞ്ഞു. പവന് കല്യാണിന്റെ ജനസേന പാര്‍ട്ടിയാണ് പ്രസ്താവന പുറത്തുവിട്ടത്.
വ്യക്തിപരമായ ഈ മാറ്റത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. വര്‍ഷങ്ങളായി പിന്തുണച്ച എല്ലാവര്ക്കും നന്ദിയും അറിയിച്ചു. വേര്‍പിരിയാനുള്ള കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. വിവാഹമോചന നടപടികളോ മക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോ സംബന്ധിച്ച വിവരങ്ങളും പ്രസ്താവനയിലില്ല.
2013ലാണ് റഷ്യന്‍ പൗരയായ അന്ന ലെഷ്നേവയും പവന് കല്യാണും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. പവന് കല്യാണിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്.
1997ല്‍ നന്ദിനിയെ വിവാഹം ചെയ്ത പവന് കല്യാണ്‍ 1999ല്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2009ല്‍ നടി രേണു ദേശായിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2012ല്‍ ഇരുവരും വിവാഹമോചിതരായി.
Related News