സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസ് 850 പ്രാദേശിക കോര്‍പറേറ്റ് തസ്തികകള്‍ പുറംകരാര്‍ അടിസ്ഥാനത്തില്‍ കൈമാറുന്നു. കണ്‍സള്‍ട്ടിങ് രംഗത്തെ ആഗോള കമ്പനിയായ ആക്‌സെഞ്ചറുമായുള്ള ബഹുവര്‍ഷ കരാറിന്റെ ഭാഗമായി ഈ ജോലികളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സാങ്കേതികവിദ്യ എന്നിവയിലെ നിക്ഷേപം വേഗത്തിലാക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിനുമാണ് നടപടിയെന്നാണ് ക്വാണ്ടസിന്റെ വിശദീകരണം.
ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര ഇമെയിലില്‍ ക്വാണ്ടസ് സി.ഇ.ഒ വനേസ ഹഡ്‌സണ്‍ തീരുമാനം പ്രഖ്യാപിച്ചു. 'ചിലര്‍ക്ക് ഇത് ഏറെ പ്രയാസകരമായ വാര്‍ത്തയായിരിക്കും. ഇതുണ്ടാക്കുന്ന അനിശ്ചിതത്വത്തില്‍ ഖേദിക്കുന്നു' എന്നായിരുന്നു ജീവനക്കാര്‍ക്കുള്ള അവരുടെ സന്ദേശം. 2027 മധ്യത്തോടെ തൊഴില്‍മാറ്റ നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
ധനകാര്യം, സംഭരണം, ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മാര്‍ക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലെ തസ്തികകളാണ് പ്രധാനമായും കൈമാറുക. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യയിലെ ടീമുകളിലേക്കും ചിലത് ഓസ്‌ട്രേലിയയിലെ ടീമുകളിലേക്കുമാണ് മാറ്റുക. പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാരുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഹഡ്‌സണ്‍ വ്യക്തമാക്കി.
സാങ്കേതികവിദ്യയിലും എ.ഐയിലുമുണ്ടാകുന്ന മാറ്റങ്ങളുടെ വേഗവും വ്യാപ്തിയും മുന്‍ തലമുറകള്‍ അനുഭവിക്കാത്തതാണെന്ന് ഹഡ്‌സണ്‍ പറഞ്ഞു. കമ്പനിയുടെ ഐ.ടി സംവിധാനങ്ങള്‍ നവീകരിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ആക്‌സെഞ്ചറുമായുള്ള കരാറിന്റെ ലക്ഷ്യം. നിലവില്‍ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിലധികം സാങ്കേതികവിദ്യയ്ക്കായി ക്വാണ്ടസ് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് രൂപകല്‍പ്പന ചെയ്ത സംവിധാനങ്ങളാണ് ഇപ്പോഴും കമ്പനിയുടെ പല പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.
പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്യാത്ത ആയിരത്തിലധികം പഴയ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ കമ്പനിയുടെ സംവിധാനത്തിലുണ്ടെന്ന് ഹഡ്‌സണ്‍ ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനങ്ങളിലെ ആവര്‍ത്തനവും അനാവശ്യ ചെലവുകളും കുറച്ച് കോര്‍പറേറ്റ് വിഭാഗങ്ങളുടെ ഘടന ലളിതമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്കും ബിസിനസിനും കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്ന ജോലികളില്‍ ജീവനക്കാര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുവഴി കഴിയുമെന്നും അവര്‍ പറഞ്ഞു.
കരാറിന്റെ ഭാഗമായി ആക്‌സെഞ്ചര്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഭാവിയില്‍ ഓട്ടോമേഷന്‍, എ.ഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ പരിഷ്‌കരിക്കുമെന്നും കമ്പനി അറിയിച്ചു. തൊഴില്‍ നഷ്ടം നേരിടുന്നവരെ സാധ്യമായിടത്തോളം മറ്റ് തസ്തികകളില്‍ പുനര്‍നിയമിക്കുമെന്നും ഓസ്‌ട്രേലിയയില്‍ പുതിയ അവസരങ്ങള്‍ ഒരുക്കുമെന്നും ക്വാണ്ടസ് വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ഏകദേശം 28,000 ജീവനക്കാരും മറ്റ് രാജ്യങ്ങളിലായി 4,000 ജീവനക്കാരുമാണ് ക്വാണ്ടസിനുള്ളത്. ആയിരക്കണക്കിന് ജീവനക്കാര്‍ ദൈനംദിന ജോലികളില്‍ ഇതിനകം എ.ഐ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ടിക്കറ്റ് നിരക്ക് ഉയര്‍ത്താനും ചില സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായി കമ്പനി വിപണിയെ അറിയിച്ചതിന് പിന്നാലെയാണ് തൊഴില്‍മാറ്റ പ്രഖ്യാപനം.
Related News