ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ സി.ബി.ഐ മേധാവിയുടെ രാഷ്ട്രീയ പാര്‍ട്ടി. ഈയിടെ രൂപീകരിച്ച സര്‍വജന്‍ സനാതന്‍ പാര്‍ട്ടിയുടെ (എസ്.എസ്.പി) ദേശീയ അധ്യക്ഷന്‍ മുന്‍ സി.ബി.ഐ ഇടക്കാല ഡയരക്ടര്‍ നാഗേശ്വര റാവുവാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ സി.ബി.ഐ തലപ്പത്ത് നിയമിച്ച നാഗേശ്വ ര റാവു ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
ഹിന്ദുത്വവും ഹിന്ദു സ്വത്വവും രാഷ്ട്രീയ മുദ്രാവാക്യങ്ങളാക്കി ഉപയോഗിച്ച് ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ട് നേടുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ചെയ്യുന്നതെന്ന് മുന്‍ സി.ബി.ഐ ഇടക്കാല ഡയറക്ടറും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എം. നാഗേശ്വര റാവു ആരോപിച്ചു. ഇരുകൂട്ടരും പ്രതിനിധാനം ചെയ്യുന്നത് യഥാര്‍ഥ ഹിന്ദുത്വമല്ലെന്നും കപട ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
2018ലാണ് നാഗേശ്വര റാവു സി.ബി.ഐയുടെ ഇടക്കാല മേധാവിയായത്. 2020ല്‍ ഐ.പി.എസില്‍നിന്ന് വിരമിച്ച നാഗേശ്വര റാവു ഇപ്പോള്‍ സര്‍വജന്‍ സനാതന്‍ പാര്‍ട്ടിയുടെ (എസ്.എസ്.പി) ദേശീയ അധ്യക്ഷനാണ്. 2021ല്‍ രൂപവത്കരിച്ചെങ്കിലും നിര്‍ജീവമായിരുന്ന പാര്‍ട്ടിയെ അടുത്തിടെ പുനരുജ്ജീവിപ്പിച്ചാണ് അദ്ദേഹം നേതൃത്വത്തിലെത്തിയത്. 2027 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനും ലക്ഷ്യമിടുന്നു.
വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ആര്‍.എസ്.എസ്,ബി.ജെ.പി ആശയങ്ങളുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് താനെന്ന് റാവു പറഞ്ഞു. 1981ല്‍ എ.ബി.വി.പി അംഗമായിരുന്നു. കപട മതേതരത്വത്തിനെതിരെ നിലകൊള്ളുകയും ഹിന്ദുക്കള്‍ക്ക് തുല്യാവകാശം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിനാലാണ് സംഘടനകളുമായി സഹകരിച്ചത്. എന്നാല്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും വര്‍ഷങ്ങളായി അധികാരത്തിലിരുന്നിട്ടും ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കാനോ ഹിന്ദുക്കള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാനോ അവര്‍ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു ലക്ഷത്തിലധികം ക്ഷേത്രങ്ങളും ഏകദേശം 20 ലക്ഷം ഏക്കര്‍ ക്ഷേത്രഭൂമിയും പ്രതിവര്‍ഷം 50,000 കോടി രൂപയുടെ വരുമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നാണ് റാവുവിന്റെ അവകാശവാദം. മതേതര സര്‍ക്കാരുകള്‍ എത്ര പള്ളികളോ ചര്‍ച്ചുകളോ നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെയും ഉത്തരാഖണ്ഡിലെ 55 ചാര്‍ധാം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു.
രാമക്ഷേത്രത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ പണം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആരോപണമുണ്ടെന്നും റാവു പറഞ്ഞു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായിരിക്കുന്നതും ഉത്തര്‍പ്രദേശ് ഏറ്റവും വലിയ ബീഫ് കയറ്റുമതി സംസ്ഥാനമാണെന്നതും ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണത്തെയും എസ്.സി, എസ്.ടി അതിക്രമനിരോധന നിയമത്തെയും അദ്ദേഹം എതിര്‍ത്തു. അര്‍ഹരായ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രം സംവരണം നല്‍കുന്ന 'യുക്ത സംവരണം' എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്നും വ്യക്തമാക്കി.
Related News