ഫുജൈറ: ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് പ്രവാസികള്‍ക്ക് കണ്ണീരായി. മലപ്പുറം കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ 21 വയസ്സുള്ള ഇരട്ടകളായ സഹോദരങ്ങളും ഇവരുടെ മൂത്ത സഹോദരിയുടെ മൂന്ന് വയസ്സുള്ള മകനുമാണ് മരിച്ചത്. അപകടത്തില്‍ ഇതേ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ഫുജൈറയില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിനാണ് ഈ ദുരന്തം സംഭവിച്ചത്.
കുടുംബം ഷാര്‍ജയില്‍ നിന്ന് ഫുജൈറയിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായതെന്ന് ഫുജൈറയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അറിയിച്ചു. മരിച്ച 21 വയസ്സുകാരനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഇടിയുടെ ആഘാതത്തില്‍ യുവാവും ഇരട്ടസഹോദരിയും മൂന്ന് വയസ്സുകാരനായ കുഞ്ഞും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് കുടുംബാംഗങ്ങള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫുജൈറയില്‍ ജനിച്ചുവളര്‍ന്നവരാണ് മരിച്ച ഇരട്ടകളായ യുവതീയുവാക്കള്‍. ഇവരുടെ പിതാവ് സിദ്ദീഖ് നഗരത്തില്‍ ഒരു കഫ്തീരിയ നടത്തിവരികയായിരുന്നു. മരിച്ച യുവാവ് കഫ്തീരിയയില്‍ പതിവായി ഇരിക്കാറുണ്ടായിരുന്നതായും എല്ലാവരോടും പുഞ്ചിരിയോടെയും സൗഹൃദത്തോടെയും ഇടപെട്ടിരുന്നതിനാല്‍ പ്രദേശവാസികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകന്‍ അനുസ്മരിച്ചു. ഈ അപ്രതീക്ഷിത വിയോഗം ഫുജൈറയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Related News