വാഷിംഗ്ടണ്‍: മധ്യപൂര്‍വേഷ്യയിലെ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. യുഎസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് മേഖലയിലെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനമേഖലയില്‍ വിന്യസിച്ചിരിക്കുന്ന വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി.
അമേരിക്കന്‍ ആക്രമണത്തിന് കാത്തുനില്‍ക്കില്ലെന്നും ആവശ്യമെങ്കില്‍ ആദ്യം തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദിയാണ് നിലപാട് വ്യക്തമാക്കിയത്. നയതന്ത്ര ചര്‍ച്ചകളുടെ മറവില്‍ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കാന്‍ വാഷിങ്ടണ്‍ സമയം നേടുകയാണോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
അമേരിക്കയ്ക്ക് യുദ്ധത്തില്‍ പരാജയം നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. 'വാളേന്തിയവരോട് നിയമങ്ങളെക്കുറിച്ച് സംസാരിക്കരുത്' എന്ന പ്രസ്താവന നടത്തിയ റോമന്‍ ജനറലിന്റെ അവസാന സൈനിക നീക്കം ദയനീയ പരാജയത്തിലായിരുന്നു കലാശിച്ചതെന്ന് അരാഗ്ചി എക്‌സില്‍ കുറിച്ചു. 'ചരിത്രം ഓര്‍ക്കാത്തവര്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്' -അദ്ദേഹം കുറിപ്പില്‍ ചേര്‍ത്തു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ ആഴ്ച ഫെഡറലിസ്റ്റ് സൊസൈറ്റിയുടെ നാഷണല്‍ ലോയേഴ്‌സ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ ഇതേ റോമന്‍ വാചകം പരാമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐ.സി.സി) വിമര്‍ശിക്കുന്നതിനിടെയായിരുന്നു റൂബിയോയുടെ പരാമര്‍ശം.
Related News