ലഖ്‌നൗ: 2027ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളില്‍ 100ലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 100ല്‍ താഴെ സീറ്റുകള്‍ക്ക് വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ സൂചന. കോണ്‍ഗ്രസ് 180 സീറ്റുകള്‍ ആവശ്യപ്പെട്ടതായി എസ്.പി നേതാവ് അഖിലേഷ് യാദവ് പരസ്യമായി വെളിപ്പെടുത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തിന് അമര്‍ഷമുണ്ട്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യുപിയുടെ ചുമതലയുള്ള രാജേന്ദ്ര പാല്‍ ഗൗതം, സംസ്ഥാന അധ്യക്ഷ ആര്‍ധന മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍, പ്രചാരണം, സംഘടനാ സംവിധാനങ്ങളുടെ രൂപീകരണം എന്നിവ യോഗം ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ടതായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വെളിപ്പെടുത്തിയിരുന്നു. ഇത്രയും സീറ്റുകള്‍ നല്‍കാന്‍ എസ്പി തയ്യാറല്ലെന്നാണ് സൂചന. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ച ഇന്ന് ഖാര്‍ഗെയുടെ വസതിയില്‍ നടക്കുമെന്നാണ് പ്രതീക്ഷ. സീറ്റുകള്‍ തീരുമാനിക്കുമ്പോള്‍ വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണനയെന്ന് എസ്പി വ്യക്തമാക്കിയിട്ടുണ്ട്.
റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. റായ്ബറേലി, സഹാരന്‍പൂര്‍ ദേഹാത്, ബെഹത്, നിസാമാബാദ്, മുറാദാബാദ് തുടങ്ങിയ എസ്പിയുടെ സിറ്റിങ് സീറ്റുകളിലും കോണ്‍ഗ്രസ് കണ്ണുവെക്കുന്നുണ്ട്.
നവംബര്‍ 26ന് ലഖ്‌നൗവില്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിക്കാനും ഡിസംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനവ്യാപകമായി യാത്രകളും പൊതുയോഗങ്ങളും ഉള്‍പ്പെടുന്ന പ്രചാരണം ആരംഭിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു. സ്വന്തം പ്രകടനപത്രികയും പാര്‍ട്ടി പുറത്തിറക്കും.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ എസ്പി നീക്കം നടത്തുന്നുണ്ട്. സംസ്ഥാനത്തെ 70 സീറ്റുകളില്‍ 15 എണ്ണം മത്സരത്തിനായി പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡെറാഡൂണ്‍, ഹരിദ്വാര്‍ സമതല മേഖലകളിലാണ് ഇവയില്‍ ഭൂരിഭാഗവും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ അഖിലേഷ് യാദവ് തീരുമാനമെടുക്കും.
2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ മത്സരിച്ച എസ്പിക്ക് ഒരു സീറ്റില്‍പ്പോലും വിജയിക്കാനായിരുന്നില്ല. ബിജെപി 47 സീറ്റുകളുമായി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിച്ചു.
Related News