വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ ജെ.പി. മോര്‍ഗന്‍ ചേസ്, വെല്‍സ് ഫാര്‍ഗോ, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുടെ സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍, പണം കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. സാങ്കേതിക തകരാര്‍ കാരണം കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം വിമാന സര്‍വീസുകള്‍ മടങ്ങിയിരുന്നു. മൈക്രോസോഫ്റ്റ് ഇ-മെയില്‍ സംവിധാനങ്ങളും സാങ്കേതിക തകരാറ് കാരണം മുടങ്ങി.
സോഫ്റ്റ്‌വെയര്‍ പിഴവാണ് തകരാറിന് കാരണമായതെന്ന് ഏറ്റവും വലിയ അമേരിക്കന്‍ ബാങ്കായ ചേസ് വ്യക്തമാക്കി. തകരാര്‍ താല്‍ക്കാലികമാണെന്നും സൈബര്‍ ആക്രമണവുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചേസ് ബാങ്കിന്റെ സേവനങ്ങളില്‍ മാത്രം ഏകദേശം 5,000 തകരാര്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി സേവനതടസ്സങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റ് അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പ്രവേശിക്കാനും പണം കൈമാറാനും വയര്‍ ട്രാന്‍സ്ഫര്‍ നടത്താനും കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ചിലര്‍ക്ക് ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയിട്ടും ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായില്ല.
ചില ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ടെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ചേസ് അറിയിച്ചു. അമേരിക്കയില്‍ 5,000 ശാഖകളും 8.6 കോടിയിലധികം വ്യക്തിഗത ഉപഭോക്താക്കളും 74 ലക്ഷം ചെറുകിട ബിസിനസ് ഇടപാടുകാരുമുള്ള ബാങ്കാണ് ചേസ്.
ബാങ്ക് ഓഫ് അമേരിക്കയുടെ എ.ടി.എം, മൊബൈല്‍ ബാങ്കിങ് സേവനങ്ങളെയും തകരാര്‍ ബാധിച്ചു. യു.എസ്. ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങളിലും പ്രശ്‌നങ്ങളുണ്ടായി. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ സെല്ലെ വഴിയുള്ള പണമയക്കലിനും ചില ഉപഭോക്താക്കള്‍ക്ക് തടസ്സം നേരിട്ടു.
തിങ്കളാഴ്ച വൈകീട്ടോടെ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, യു.എസ്. ബാങ്ക് എന്നിവിടങ്ങളില്‍ തകരാര്‍ സംബന്ധിച്ച പരാതികള്‍ കുറഞ്ഞുതുടങ്ങി.
അമേരിക്കയില്‍ സമീപകാലത്തുണ്ടായ തുടര്‍ച്ചയായ സാങ്കേതിക തകരാറുകളുടെ പശ്ചാത്തലത്തിലാണ് ബാങ്കിങ് പ്രതിസന്ധിയും ഉണ്ടായത്. മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വന്‍ തകരാര്‍, ടെലികമ്യൂണിക്കേഷന്‍നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്ന സംഭവം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തന സംവിധാനത്തിലുണ്ടായ തകരാര്‍ എന്നിവയും ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെല്ലാം വ്യത്യസ്ത സാങ്കേതിക പ്രശ്‌നങ്ങളാണെന്നാണ് അധികൃതരുടെ വിശദീകരണം.
Related News