ന്യൂഡല്‍ഹി: മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ റസ്റ്ററന്റ് കാമുകിക്കൊപ്പം സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ മാതാപിതാക്കളുടെ പ്രണയകഥയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ നിറഞ്ഞ റസ്റ്ററന്റിലെ ഭക്ഷണം അത്ര നല്ലതായിരുന്നില്ലെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍.
സോണിയ ഗാന്ധിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കാമുകിക്കൊപ്പമുള്ള കാലം രാഹുല്‍ അയവിറക്കിയത്. കേംബ്രിഡ്ജില്‍ പഠിച്ചിരുന്ന കാലത്ത് രാജീവ് ഗാന്ധിയും സോണിയയും ആദ്യമായി കണ്ടുമുട്ടിയത് അവിടത്തെ ഗ്രീക്ക് റസ്റ്ററന്റില്‍ വെച്ചായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കേംബ്രിഡ്ജിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടുമുട്ടിയ സ്ഥലം കാണണമെന്ന് ആഗ്രഹിച്ച് കാമുകിയെയും കൂട്ടി അവിടേക്ക് പോവുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
റസ്റ്ററന്റിന്റെ മഞ്ഞനിറത്തിലുള്ള വാതില്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. മാതാപിതാക്കള്‍ അവിടെവെച്ചാണ് കണ്ടുമുട്ടിയതെന്ന് ജീവനക്കാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒഴുക്കന്‍ മട്ടിലാണ് പ്രതികരിച്ചത്. എന്താണ് ഇവിടത്തെ നല്ല ഭക്ഷണമെന്ന് ചോദിച്ചപ്പോള്‍ ചിക്കന്‍ ഷാസര്‍ നിര്‍ദേശിച്ചു. അതുതന്നെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം നിരാശപ്പെടുത്തിയെന്ന് രാഹുല്‍ പറഞ്ഞു.
പ്രണയത്തിലാകണമെങ്കില്‍ ഗ്രീക്ക് റെസ്റ്ററന്റില്‍ പോകാം. പക്ഷേ ചിക്കന്‍ ഷാസര്‍ ഒരിക്കലും കഴിക്കരുത് എന്ന രാഹുലിന്റെ പരാമര്‍ശം സദസ്സില്‍ ചിരി പടര്‍ത്തി. പരിപാടിക്കുശേഷം കാമുകി എവിടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അവര്‍ എന്റെ ഒരു സുഹൃത്താണ്' എന്നായിരുന്നു മറുപടി.
മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സ്‌നേഹത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അച്ഛന്റെ മടിയില്‍ അമ്മ ഇരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. എല്ലാ വീടുകളിലും അങ്ങനെയായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇത് തന്റെ കുടുംബത്തിലെ പ്രത്യേകതയാണെന്ന് മനസ്സിലായതെന്നും പറഞ്ഞു.
രാജീവ് ഗാന്ധിയും സോണിയയും തമ്മില്‍ വഴക്കിടുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ രാജീവ് ഗാന്ധിയോട് സോണിയ എന്തോ പറയാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദത്തിലായിരുന്ന രാജീവ് ദേഷ്യപ്പെട്ടതാണ് ആ സംഭവത്തിന് കാരണമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വധം കുടുംബത്തിന്റെ പ്രധാന താങ്ങുകളെയാണ് ഇല്ലാതാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം സോണിയയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും വലിയ മാറ്റമുണ്ടായി. എപ്പോഴും ചിരിച്ചും ആളുകളോട് സംസാരിച്ചും നടന്നിരുന്ന അമ്മ പിന്നീട് ഉള്‍വലിഞ്ഞു. ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ടതുപോലെയായിരുന്നു അവസ്ഥയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
എന്നാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലുള്‍പ്പെടെയുള്ള സാധാരണക്കാര്‍ സോണിയയെ ചേര്‍ത്തുപിടിക്കുകയും അവര്‍ക്ക് സമൂഹത്തില്‍ വീണ്ടും തന്റേതായ ഇടം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും അമ്മ ഭയപ്പെടുകയോ തളരുകയോ ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
'അമ്മേ, അച്ഛന്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ നിങ്ങളെയോര്‍ത്ത് അദ്ദേഹം എത്രമാത്രം അഭിമാനിക്കുമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല' എന്ന രാഹുലിന്റെ വാക്കുകള്‍ പുസ്തകപ്രകാശനച്ചടങ്ങിനെ വൈകാരികമാക്കി. സോണിയ ഗാന്ധിയുടെ ജീവിതയാത്രയും കുടുംബബന്ധങ്ങളും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു ചടങ്ങിലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍.
Related News