സാംബല്‍പൂര്‍: ഒഡീഷയിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ദേബ്രിഗഢ് വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണ്. 'കാട്ടുപോത്തുകളുടെ നാട്' എന്നറിയപ്പെടുന്ന ഈ വനമേഖല 353.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. 1985ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. പുരാതന ബരപഹാഡ മലനിരകളുടെ ഭാഗമായിരുന്ന ഈ പ്രദേശം കുന്നുകളും ഇടതൂര്‍ന്ന വനങ്ങളും ജലാശയങ്ങളും ചേര്‍ന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പന്നമാണ്. സമുദ്രനിരപ്പില്‍നിന്ന് 691 മീറ്റര്‍ ഉയരമുള്ളതാണ് ഇവിടത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടി.
ദേബ്രിഗഢിന്റെ പ്രധാന സവിശേഷത സമീപത്തുള്ള ഹിരാക്കുഡ് ജലാശയവുമായുള്ള അതിന്റെ ബന്ധമാണ്. മഹാനദിക്ക് കുറുകെ 1950കളില്‍ നിര്‍മിച്ച ഹിരാക്കുഡ് അണക്കെട്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മണ്‍ അണക്കെട്ടായും ഏഷ്യയിലെ വലിയ കൃത്രിമ തടാകങ്ങളിലൊന്നായും അറിയപ്പെടുന്നു. ഏകദേശം 90 കിലോമീറ്റര്‍ നീളമുള്ള തടാകതീരമാണ് വന്യജീവി സങ്കേതത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നത്. റാംസര്‍ തണ്ണീര്‍ത്തട പദവിയുള്ള ഹിരാക്കുഡ് തടാകം ദേശാടനപ്പക്ഷികളുടെയും ജലജീവികളുടെയും പ്രധാന ആവാസകേന്ദ്രമാണ്.
ഇന്ത്യന്‍ കാട്ടുപോത്ത്, പുള്ളിപ്പുലി, സാമ്പാര്‍ മാന്‍, നാലുകൊമ്പന്‍ മാന്‍, നീലഗായ്, കാട്ടുനായ തുടങ്ങിയ ജീവികള്‍ ഇവിടെ കാണപ്പെടുന്നു. 40ലധികം സസ്തനിവര്‍ഗങ്ങളും 234ലധികം ഇനം പക്ഷികളും ഉരഗങ്ങളും ചിത്രശലഭങ്ങളും ഈ പ്രദേശത്തെ ജൈവസമ്പന്നമാക്കുന്നു. ഓരോ ശൈത്യകാലത്തും 110ലധികം ഇനങ്ങളില്‍പ്പെട്ട നാലുലക്ഷത്തിലധികം ദേശാടനപ്പക്ഷികള്‍ ഹിരാക്കുഡ്-ദേബ്രിഗഢ് തണ്ണീര്‍ത്തട മേഖലയിലെത്തുന്നുവെന്നാണ് കണക്ക്.
വന്യജീവി നിരീക്ഷണത്തിനും പ്രകൃതിയാത്രയ്ക്കും നിരവധി സാധ്യതകളാണ് ഇവിടെയുള്ളത്. ഹിരാക്കുഡ് തീരത്തുകൂടിയുള്ള പരബതിതുങ്ക് സഫാരി പാതയില്‍ കാട്ടുപോത്തുകളെയും മാനുകളെയും കാണാം. ഗൈഡുകളുടെ നേതൃത്വത്തിലുള്ള ജംഗിള്‍ സഫാരി, പ്രകൃതിനടത്തം, തടാകത്തിലെ ബോട്ട് യാത്ര, പക്ഷിനിരീക്ഷണം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തടാകക്കരയിലെ ദേബ്രിഗഢ് നേച്ചര്‍ ക്യാമ്പില്‍ പരിസ്ഥിതി സൗഹൃദ താമസസൗകര്യങ്ങളുമുണ്ട്.
സംബല്‍പൂര്‍, ബര്‍ഗഢ്, ഝാര്‍സുഗുഡ എന്നിവിടങ്ങളില്‍നിന്ന് റോഡ് മാര്‍ഗം ഇവിടെയെത്താം. സംബല്‍പൂര്‍ ജങ്ഷനാണ് സമീപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. പ്രകൃതിസംരക്ഷണവും ഉത്തരവാദിത്ത ടൂറിസവും ഒരുമിപ്പിക്കുന്ന ദേബ്രിഗഢ്, ഇന്ത്യയിലെ ശ്രദ്ധേയമായ വന്യജീവി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
എങ്ങനെ എത്താം?
വിമാനമാര്‍ഗം: ഏറ്റവും അടുത്ത വിമാനത്താവളം ഝാര്‍സുഗുഡയിലെ വീര്‍ സുരേന്ദ്ര സായി വിമാനത്താവളമാണ്. ഇവിടെനിന്ന് ഏകദേശം 94 കിലോമീറ്റര്‍ ദൂരമുണ്ട്. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളം 260 കിലോമീറ്റര്‍ അകലെയാണ്.
ട്രെയിന്‍ മാര്‍ഗം: സംബല്‍പൂര്‍ ജങ്ഷനാണ് ഏറ്റവും അടുത്ത പ്രധാന റെയില്‍വേ സ്റ്റേഷന്‍. വന്യജീവി സങ്കേതത്തില്‍നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരം.
റോഡ് മാര്‍ഗം: സീറോ പോയിന്റാണ് വന്യജീവി സങ്കേതത്തിലേക്കുള്ള പ്രധാന പ്രവേശന കവാടം. സംബല്‍പൂരില്‍നിന്ന് 40 കിലോമീറ്ററും ബര്‍ഗഢില്‍നിന്ന് 45 കിലോമീറ്ററും ദൂരമുണ്ട്.
പ്രവേശന ഫീസ്
മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് 40 രൂപയാണ് പ്രവേശന ഫീസ്. ജംഗിള്‍ സഫാരിക്ക് പ്രത്യേക വാഹനങ്ങള്‍ ബുക്ക് ചെയ്യണം. നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്ന മഹീന്ദ്ര ഥാര്‍ വാഹനത്തിന് ഏകദേശം 2,100 രൂപയാണ് നിരക്ക്. വനത്തിനുള്ളിലെ ജംഗിള്‍ സഫാരി സാധാരണയായി നേച്ചര്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കാണ് ലഭിക്കുന്നത്.
താമസസൗകര്യം
വനത്തിനുള്ളിലെ ദെബ്രിഗഢ് നേച്ചര്‍ ക്യാമ്പില്‍ പരിസ്ഥിതി സൗഹൃദ കോട്ടേജുകളും നക്ഷത്രനിരീക്ഷണത്തിന് സൗകര്യമുള്ള ഗ്ലാസ് റൂമുകളും ലഭ്യമാണ്. ഒരു രാത്രിക്ക് 5,200-6,000 രൂപ വരെയാണ് നിരക്ക്. സമീപപ്രദേശങ്ങളില്‍ ഹോംസ്റ്റേകളും ലഭ്യമാണ്. ഏകദേശം 5,000 രൂപ മുതലാണ് നിരക്ക്.