ധാക്ക: പാകിസ്താനെ കീഴടക്കി ദക്ഷിണേഷ്യന്‍ ഫുട്‌ബോളിലെ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഇന്ത്യ. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചതോടെ ഇന്ത്യ പത്താം തവണയും കിരീടം സ്വന്തമാക്കി. യുവതാരങ്ങളെ അണിനിരത്തി പരിശീലകന്‍ നൗഷാദ് മൂസ ഒരുക്കിയ ടീമിന്റെ നേട്ടം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പരിമിതികളും ടീം പ്രതിസന്ധികളും മറികടന്ന് യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച മൂസയുടെ പരിശീലനമികവിനുള്ള അംഗീകാരമാണ് ഈ കിരീടനേട്ടം.
ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയുടെ കിരീടനേട്ടം എളുപ്പമാകില്ലെന്നായിരുന്നു വിലയിരുത്തല്‍. യൂറോപ്പില്‍ കളിക്കുന്ന നിരവധി താരങ്ങളുമായാണ് പാകിസ്താനും ബംഗ്ലാദേശും എത്തിയത്. കഴിഞ്ഞ വര്‍ഷം എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതിനുപുറമെ ന്യൂസിലന്‍ഡിനെതിരായ സൗഹൃദമത്സരങ്ങളിലേക്ക് ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധ തിരിഞ്ഞതും തിരിച്ചടിയായി.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടീം തിരഞ്ഞെടുപ്പിലെ ആശയക്കുഴപ്പവും മൂസയ്ക്ക് വെല്ലുവിളിയായി. ആദ്യം 28 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിനായി വിജയ് വര്‍ഗീസ്, മുഹമ്മദ് സുഹൈല്‍, ലിസ്റ്റണ്‍ കൊളാസോ എന്നിവരെ പിന്‍വലിച്ചു. റോണി ഖര്‍ബുദോണ്‍, സുരേഷ് സിങ് വാങ്ജം എന്നിവര്‍ക്ക് പരിക്കേറ്റതോടെ ടീമില്‍ 20 താരങ്ങള്‍ മാത്രമായി. ഇതില്‍ മൂന്ന് പേര്‍ ഗോള്‍കീപ്പര്‍മാരായിരുന്നു. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയുള്ള ടീമിനെ ഇറക്കാനും പരിശീലകന് കഴിഞ്ഞില്ല.
ആദ്യ മത്സരത്തില്‍ ദുര്‍ബല നിരയുമായെത്തിയ പാകിസ്താനെ 3-2ന് തോല്‍പ്പിച്ച ഇന്ത്യ മാലദ്വീപിനെ 1-0നും സെമിയില്‍ ഭൂട്ടാനെ 2-1നും കീഴടക്കിയാണ് ഫൈനലിലെത്തിയത്.
ഫൈനലില്‍ പാകിസ്താന്റെ യൂറോപ്യന്‍ പശ്ചാത്തലമുള്ള താരങ്ങള്‍ ഇന്ത്യയെ ആദ്യ പകുതിയില്‍ സമ്മര്‍ദത്തിലാക്കി. ഇഞ്ചുറി ടൈമില്‍ അലംഗീര്‍ ഗാസി നേടിയ ഗോളില്‍ പാകിസ്താന്‍ മുന്നിലെത്തി. എന്നാല്‍ ഇടവേളയില്‍ മാംഗ്ലെന്താങ് കിപ്‌ജെന് പകരം മകാര്‍ട്ടണ്‍ നിക്‌സണെ ഇറക്കിയ മൂസയുടെ നീക്കം നിര്‍ണായകമായി. പന്തുമായി മുന്നേറാനുള്ള നിക്‌സന്റെ കഴിവ് ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി.
61ാം മിനിറ്റില്‍ പാകിസ്താന്റെ ജുനൈദ് ഷാ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഇന്ത്യക്ക് അനുകൂലമായി. സുഹൈല്‍ അഹമ്മദ് ഭട്ടിലൂടെ ഇന്ത്യ സമനില പിടിച്ചു. തുടര്‍ന്ന് സന്ദീപ് മാണ്ടി വിജയഗോള്‍ നേടി. രണ്ടാം പകുതിയില്‍ തന്ത്രപരമായി പകരക്കാരെ ഇറക്കിയതും ആക്രമണനിരയിലെ മാറ്റങ്ങളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
Related News