ദമ്മാം: കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ ഖോബാര്‍, ദമ്മാം യൂത്ത് വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ടീന്‍സ്പേസ്' സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ നടക്കുന്ന സൗദി ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.
നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 9.30 വരെ ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ (ഐ.സി.സി) നടക്കുന്ന സംഗമം കൗമാരക്കാരില്‍ ധാര്‍മ്മിക മൂല്യങ്ങളും ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.
പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ഇന്ററാക്ടീവ് ക്വിസുകള്‍, ചോദ്യോത്തര സെഷനുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. ഉസാമ ബിന്‍ ഫൈസല്‍ മദീനി, അബ്ദുല്‍ ജബ്ബാര്‍ മദീനി, ഇബ്രാഹിം അല്‍ ഹികമി, അജ്മല്‍ ഫൗസാന്‍ അല്‍ ഹികമി, അര്‍ഷദ് ബിന്‍ ഹംസ, സര്‍ഫറാസ് മദീനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് ഡെസ്കും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Related News