ജിദ്ദ: കഴിഞ്ഞ ഒന്നര മാസത്തോളമായി സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതുമൂലം പ്രവാസികള്‍ അനുഭവിക്കുന്ന രൂക്ഷമായ യാത്രാ പ്രതിസന്ധിക്കും ടിക്കറ്റ് നിരക്ക് കൊള്ളയ്ക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനറും മുന്‍ ജിദ്ദ പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വങ്ങള്‍ക്ക് നിവേദനം നല്‍കി.
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡു എന്നിവര്‍ക്കാണ് വിശദമായ നിവേദനങ്ങള്‍ ഇ-മെയില്‍ വഴി സമര്‍പ്പിച്ചത്. നിവേദനങ്ങളുടെ പകര്‍പ്പ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിനും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ, വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, പാര്‍ലമെന്ററി വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശശി തരൂര്‍ എം.പി. എന്നിവര്‍ക്കും നിവേദനങ്ങളുടെ പകര്‍പ്പ് സഹിതം കത്തയച്ചു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനികളെല്ലാം നവംബര്‍ പകുതി മുതല്‍ അവസാനം വരെ സൗദിയിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. ഇതുമൂലം ജിദ്ദ, റിയാദ്, ദമ്മാം, മദീന എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, ലഖ്നൗ, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം പൂര്‍ണമായും തടസ്സപ്പെട്ടു.
അതേസമയം ഖത്തര്‍ എയര്‍വേയ്സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.), ഗരുഡ ഇന്തോനേഷ്യ, ഒമാന്‍ എയര്‍, എയര്‍ അറേബ്യ, ഇത്തിഹാദ്, ഗള്‍ഫ് എയര്‍, എമിറേറ്റ്സ്, ഫ്‌ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികള്‍ ജിദ്ദ, മദീന, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും മറ്റും വലിയ മാറ്റങ്ങളില്ലാതെ മുന്‍നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വീസുകള്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ വിമാനങ്ങളുടെ അഭാവവും സൗദി-ഇന്ത്യ ഉഭയകക്ഷി വ്യോമയാന കരാറിലെ സീറ്റ് പരിധി നിയന്ത്രണങ്ങളും കാരണം വിദേശ വിമാനക്കമ്പനികള്‍ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം തുകയാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്. അടിയന്തര ചികിത്സ, മരണം, റീ-എന്‍ട്രി/ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി അവസാനിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ നാട്ടിലെത്തേണ്ട സാധാരണക്കാരായ പ്രവാസികള്‍ ഭീമമായ നിരക്ക് നല്‍കാനാകാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിലും വലിയ കാലതാമസമാണ് ഉണ്ടാകുന്നതെന്ന് ഏവിയേഷന്‍-ട്രാവല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ മുനീര്‍ വ്യക്തമാക്കി.
കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള അഞ്ച് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സര്‍വീസുകള്‍ക്ക് വഴിതിരിച്ചുവിട്ടുള്ള റൂട്ടുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനക്ഷമതയും യാത്രാസമയവും തടസ്സമാകാതിരിക്കാന്‍, സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതിനു പകരം മുംബൈ, അഹമ്മദാബാദ്, കണ്ണൂര്‍ തുടങ്ങിയ ഇന്ത്യന്‍ തീരദേശ വിമാനത്താവളങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണമെന്നും, സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതുവരെ അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും, ഉഭയകക്ഷി കരാറിലെ സീറ്റ് നിയന്ത്രണങ്ങളില്‍ താല്‍ക്കാലിക ഇളവ് നല്‍കി സ്‌പെഷ്യല്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ അനുവദിക്കണമെന്നും വ്യോമയാന മന്ത്രിക്കുള്ള നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിമാന സര്‍വീസുകള്‍ മുടങ്ങിയതുമൂലം എക്‌സിറ്റ് വിസ കാലാവധി അവസാനിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പിഴ ഒഴിവാക്കാനും കാലാവധി നീട്ടി നല്‍കാനും സൗദി അധികൃതരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തണമെന്നും, റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അടിയന്തര ചികിത്സാ-മരണാനന്തര യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി പ്രത്യേക ദുരിതാശ്വാസ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഈ യാത്രാ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മലയാളി പ്രവാസികളെയായതിനാല്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് പ്രധാനമന്ത്രിയോടും കേന്ദ്ര മന്ത്രിമാരോടും വിഷയം ഉന്നയിക്കണമെന്നും നോര്‍ക്ക വഴി അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്നും കെ.ടി.എ. മുനീര്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്ററി വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡോ. ശശി തരൂര്‍ എം.പി. വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങളോട് വിശദീകരണം തേടി അടിയന്തര നടപടികള്‍ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുനീര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Related News