ജിദ്ദ: പേപ്പര്‍, പാക്കേജിംഗ്, പ്രിന്റിംഗ് അനുബന്ധ വ്യവസായങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശനമായ 'പേപ്പര്‍-മി സൗദി അറേബ്യ 2026' ന്റെ മൂന്നാം പതിപ്പില്‍ സജീവ പങ്കാളിത്തവുമായി ഇന്ത്യന്‍ കമ്പനികള്‍. 2026 നവംബര്‍ 16 ന് ജിദ്ദ സെന്റര്‍ ഫോര്‍ എക്‌സിബിഷന്‍സ് ആന്‍ഡ് ഇവന്റ്‌സില്‍
ആരംഭിച്ച പ്രദര്‍ശനം ഇന്ന് സമാപിക്കും. പി.എച്ച്.ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ സജ്ജമാക്കിയ 'ഇന്ത്യ പവലിയനിലൂടെയാണ്' ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ അണിനിരന്നത്.
ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറല്‍ റാമിസ് ബിന്‍ മന്‍സൂര്‍ അല്‍ഗാലിബ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കൊപ്പം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പേപ്പര്‍, പാക്കേജിംഗ് മേഖലകളിലെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും നിര്‍മ്മാണ ശേഷിയും പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യ പവലിയന്റെ ഉദ്ഘാടനവും കോണ്‍സല്‍ ജനറല്‍ നിര്‍വഹിച്ചു.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനി പ്രതിനിധികളുമായി സംവദിച്ച കോണ്‍സല്‍ ജനറല്‍, സൗദി വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പുതിയ വ്യാപാര പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും നിലവിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അവരോട് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘത്തിന്റെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതില്‍ പി.എച്ച്.ഡി.സി.സി.ഐ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പേപ്പര്‍, പേപ്പര്‍ബോര്‍ഡ്, ടിഷ്യു, ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍, പാക്കേജിംഗ് സാമഗ്രികള്‍, അനുബന്ധ യന്ത്രസാമഗ്രികള്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ഇന്ത്യന്‍, സൗദി ബിസിനസുകള്‍ക്ക് പരസ്പരം സഹകരിക്കുന്നതിനുള്ള മികച്ച വേദിയാണ് പ്രദര്‍ശനം ഒരുക്കുന്നത്.
Related News