ജയ്പൂര്‍: 15 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള തുണിവ്യാപാരം ഉപേക്ഷിച്ച് ജൈന സന്യാസജീവിതം സ്വീകരിക്കാനൊരുങ്ങി രാജസ്ഥാനിലെ ഒരു കുടുംബത്തിലെ നാലുപേര്‍. ഉദയ്പൂര്‍ ജില്ലയില്‍നിന്നുള്ള ദിലീപ് ഭായ് ഭോഗര്‍ (47), ഭാര്യ ജ്യോതി ബെന്‍ (45), മക്കളായ ഛവി (22), ചാര്‍വി (14) എന്നിവരാണ് സൂറത്തില്‍ വെച്ച് ജൈനമതത്തിലെ ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്. ഇവരുടെ മൂത്ത മകള്‍ ഷൈലി 2023ല്‍ തന്നെ ദീക്ഷ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ സാധ്വി ദര്‍ശിത എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്.
ഉദയ്പൂര്‍ ജില്ലയിലെ ജസ്വന്ത്ഗഢ് ഗ്രാമത്തില്‍നിന്ന് സൂറത്തിലെത്തിയ ദിലീപ് ഭായ് ഒരു ചെറിയ കടയില്‍ തുണിവില്‍പന ആരംഭിച്ചാണ് വ്യാപാരരംഗത്ത് വളര്‍ന്നത്. പിന്നീട് ബിസിനസ് വികസിപ്പിച്ച് രണ്ട് കടകള്‍ കൂടി ആരംഭിച്ചു. നിരവധി യന്ത്രങ്ങളും സ്ഥാപിച്ചു. വാര്‍ഷിക വിറ്റുവരവ് 15 കോടി രൂപയിലെത്തിയതോടെ വ്യാപാരം കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളിലായിരുന്നു അദ്ദേഹം.
എന്നാല്‍, ഇതിനിടയില്‍ ഒരു ജൈന ആചാര്യനുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ജൈനമതത്തോടുള്ള താല്പര്യം വര്‍ധിച്ചതോടെ സന്യാസജീവിതത്തിലേക്ക് തിരിയാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2023ല്‍ മൂത്ത മകള്‍ ഷൈലി ദീക്ഷ സ്വീകരിച്ചതിനു പിന്നാലെ ദിലീപ് വ്യാപാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ കുറയ്ക്കുകയും സ്വയം സന്യാസജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ തീരുമാനത്തോടൊപ്പം ചേരാന്‍ ഭാര്യ ജ്യോതി ബെനും മറ്റ് രണ്ട് പെണ്മക്കളും സന്നദ്ധത പ്രകടിപ്പിച്ചു.
ഗ്രാഫിക് ഡിസൈനില്‍ ബി.ബി.എ പഠിച്ച ഛവി സ്വന്തമായി ക്രോഷെ വിദ്യ ഉപയോഗിച്ച് അലങ്കാരവസ്തുക്കളും മറ്റും നിര്‍മിച്ച് വില്പന നടത്തിയിരുന്നു. എന്നാല്‍ പിതാവ് സന്യാസജീവിതത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതോടെ നാലുമാസത്തിനുശേഷം ആ സംരംഭവും ഉപേക്ഷിച്ചു. ഒമ്പതാം ക്ലാസില്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ ചാര്‍വി സൂറത്തില്‍ ജില്ലാ തലത്തില്‍ ഫുട്ബോള്‍ കളിച്ചിട്ടുമുണ്ട്.
ദീക്ഷയ്ക്ക് മുന്നോടിയായി നാലുപേരും ജൈന സന്യാസിമാര്‍ക്കൊപ്പം താമസിച്ച് സന്യാസജീവിതത്തിന്റെ രീതികള്‍ പരിശീലിച്ചു. കാല്‍നടയായുള്ള യാത്ര, ഭക്ഷണക്രമം, ദൈനംദിന ജീവിതത്തിലെ കര്‍ശനമായ ചിട്ടകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനായിരുന്നു ഈ പരിശീലനം.
Related News