മുംബൈ: 2027ലെ ഐ.പി.എല്‍ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികള്‍. ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ബാറ്റര്‍ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥല്‍, വെസ്റ്റിന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. നവംബര്‍ 17 ആയിരുന്നു താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള അവസാന തീയതി. ഡിസംബര്‍ 16ന് ഗോവയിലാണ് അടുത്ത സീസണിലേക്കുള്ള താരലേലം. സ്റ്റാര്‍ക്കും ഹെഡും അടുത്ത ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ചെന്നൈ സൂപ്പര്‍ കിങ്സ് ഒഴിവാക്കിയ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറാണ് റിലീസ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള താരം. 14.2 കോടി രൂപയ്ക്കാണ് ചെന്നൈ കഴിഞ്ഞ ലേലത്തില്‍ താരത്തെ സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയ ട്രാവിസ് ഹെഡാണ് 14 കോടി രൂപയുമായി തൊട്ടുപിന്നില്‍. മുന്‍ നായകന് എം.എസ്. ധോണിയും ചെന്നൈയുടെ റിലീസ് പട്ടികയിലുണ്ട്. ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിച്ച ധോണി ടീമിന്റെ മെന്ററായി ചുമതലയേല്‍ക്കുകയായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കേറിയ കലണ്ടര്‍ പരിഗണിച്ച് ജോലിഭാരം നിയന്ത്രിക്കാനാണ് സ്റ്റാര്‍ക്കിനെയും ഹെഡിനെയും ഒഴിവാക്കിയത്. ഇരുവരും 2027 ഐ.പി.എല്ലില്‍ കളിക്കില്ല. ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ നാല് ടെസ്റ്റുകളോടെ ഓസ്ട്രേലിയയുടെ തിരക്കേറിയ മത്സരക്രമം ആരംഭിക്കും. ജനുവരിയില്‍ ഇന്ത്യക്കെതിരായ ബോര്‍ഡര്‍ഗവാസ്കര്‍ പരമ്പരയും മാര്‍ച്ചില്‍ ചരിത്രപ്രധാനമായ 150ാം വാര്‍ഷിക ടെസ്റ്റും നടക്കും. ഐ.പി.എല്ലിനുശേഷം ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ അതിലും തുടര്‍ന്ന് ഇംഗ്ലണ്ടിലെ ആഷസ് പരമ്പരയിലും കളിക്കേണ്ടിവരും.
കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന ജേക്കബ് ബെഥലിന് പരിക്കില്‍നിന്നുള്ള തിരിച്ചുവരവിനിടെയും തിരിച്ചടിയുണ്ടായതാണ് ആര്.സി,ബി ഒഴിവാക്കാന്‍ കാരണം. ജൂലൈ മുതല്‍ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് താരം.
Related News