ന്യൂഡല്‍ഹി: അണുബാധകളെ ചെറുക്കാനും ശസ്ത്രക്രിയകള്‍ സുരക്ഷിതമാക്കാനും നവജാത ശിശുക്കളുടെയും ഗുരുതര രോഗികളുടെയും ജീവന്‍ രക്ഷിക്കാനും നിര്‍ണായകമായ ആന്റിബയോട്ടിക്കുകള്‍ക്ക് ഫലപ്രാപ്തി കുറയുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന നിരവധി ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ബാക്ടീരിയകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതായും ഇത് ചികിത്സാരംഗത്ത് വലിയ വെല്ലുവിളിയാകുമെന്നും ഐ.സി.എം.ആറിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാര്‍ഷിക റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ 30 പ്രമുഖ ആശുപത്രികളില്‍നിന്നുള്ള 1,13,008 പോസിറ്റീവ് ലബോറട്ടറി സാമ്പിളുകളും 34 ചെറുകിട, ജില്ലാ ആശുപത്രികളില്‍നിന്നുള്ള 20,529 സാമ്പിളുകളുമാണ് പഠനവിധേയമാക്കിയത്. ഇതാദ്യമായാണ് ചെറുകിട ആശുപത്രികളില്‍നിന്നുള്ള വിവരങ്ങളും ദേശീയ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ഇ. കോളി ആണ് പ്രധാന ആശങ്കയായി മാറിയിരിക്കുന്നത്. പ്രമുഖ ആശുപത്രികളിലെ സാമ്പിളുകളില്‍ 24.4 ശതമാനവും ഈ ബാക്ടീരിയയുടേതാണ്. മൂത്രാശയ അണുബാധകള്‍ക്കും രക്തത്തിലെ അണുബാധകള്‍ക്കും കാരണമാകുന്ന ഇ. കോളിക്കെതിരെ സെഫോട്ടാക്‌സിമിനോട് പ്രതികരിച്ചത് 18.4 ശതമാനം സാമ്പിളുകള്‍ മാത്രമാണ്. സിപ്രോഫ്‌ലോക്‌സാസിനോട് പ്രതികരിച്ചത് ഒമ്പത് ശതമാനവും. ക്ലെബ്‌സിയെല്ല ന്യൂമോണിയക്കെതിരായ കാര്‍ബപെനം വിഭാഗം ശക്തമായ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തിയും 36.5 മുതല്‍ 40.4 ശതമാനം വരെ മാത്രമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആശുപത്രികളില്‍ ഗുരുതര അണുബാധകള്‍ക്കിടയാക്കുന്ന അസിനെറ്റോബാക്ടര്‍ ബൗമാനി കൂടുതല്‍ ഭീഷണിയാകുന്നു. പരിശോധിച്ച സാമ്പിളുകളില്‍ 91.1 ശതമാനവും കാര്‍ബപെനം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു. തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ക്ക് ഇത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. സ്റ്റാഫൈലോകോക്കസ് ഓറിയസ് സാമ്പിളുകളില്‍ 56.8 ശതമാനവും മെത്തിസിലിന്‍ പ്രതിരോധം പ്രകടിപ്പിച്ചു.
നവജാത ശിശുക്കളിലും പ്രതിസന്ധി രൂക്ഷമാണ്. 28 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലെ രക്തത്തിലെ അണുബാധകളില്‍ 25.1 ശതമാനത്തിനും കാരണം ക്ലെബ്‌സിയെല്ല ന്യൂമോണിയയാണെന്ന് കണ്ടെത്തി. സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഇവയ്‌ക്കെതിരെ ഫലപ്രദമാകാത്തത് ചികിത്സ സങ്കീര്‍ണമാക്കുന്നു.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം നിയന്ത്രിക്കുകയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത് തടയാനുള്ള പ്രധാന മാര്‍ഗം. രോഗാണുവിനെ തിരിച്ചറിയാനുള്ള ലബോറട്ടറി പരിശോധനകള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുപയോഗം, ആശുപത്രികളിലെ ഉപകരണങ്ങളുടെയും പരിസരങ്ങളുടെയും കൃത്യമായ ശുചീകരണം, കൈകളുടെ ശുചിത്വം, അണുബാധാ നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ ചികിത്സയ്‌ക്കൊപ്പം അണുബാധ തടയുന്നതിനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.
Related News