മോസ്‌കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കെമെറോവോ മേഖലയില്‍ റഷ്യയുടെ സൈനിക ഗതാഗത വിമാനമായ എഎന്‍-12 (An-12) തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 19 പേരും മരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'റിയ നോവോസ്തി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാങ്കേതിക തകരാറാണ് അപകടത്തിന് പ്രാഥമിക കാരണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജനവാസമില്ലാത്ത പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രാദേശിക ഗവര്‍ണര്‍ ഇല്യ സെറെഡ്യുക് ടെലഗ്രാമിലൂടെ പ്രതികരിച്ചു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതായും അദ്ദേഹം അറിയിച്ചു. യാഗുനോവോ ഗ്രാമത്തിന് സമീപമുള്ള അപകടസ്ഥലത്തിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. മേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അപകടത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുന്നതിനായി റഷ്യന്‍ എയ്റോസ്പേസ് ഫോഴ്സിന്റെ പ്രത്യേക കമ്മീഷന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Related News