കൊച്ചി: രാജ്യാന്തര ചരക്കുനീക്കവും പരിശോധന നടപടികളും വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സിയാലില്‍ സജ്ജമാക്കിയ ട്രാന്‍സ്ഫര്‍ കാര്‍ഗോ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വഹിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സി.ഐ.എസ്.എഫ്, കസ്റ്റംസ് എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ, രാജ്യത്ത് ആദ്യമായാണ് ഒരു എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.
ആഭ്യന്തര എയര്‍ലൈനുകളില്‍ നിന്ന് രാജ്യാന്തര എയര്‍ലൈനുകളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ നീക്കം വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയില്‍ വച്ചു തന്നെ നടത്തുന്ന പ്രക്രിയയാണിത്. നേരത്തെ, ഇത്തരം കാര്‍ഗോ, ഓപ്പറേഷണല്‍ ഏരിയയില്‍ നിന്നും മാറ്റി കാര്‍ഗോ ടെര്‍മിനലില്‍ എത്തിച്ച് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീണ്ടും അടുത്ത വിമാനത്തിലേക്ക് കയറ്റുകയാണ് ചെയ്തിരുന്നത്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍വിമാനങ്ങളിലേക്ക് ചരക്കുകള്‍ കൈമാറുന്നതിന് ഏകദേശം മൂന്ന് ദിവസം വരെ വേണ്ടിവന്നിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നതാടെ സുരക്ഷാപരിശോധന ഓപറേഷണല്‍ ഏരിയയ്ക്ക് സമീപമുള്ള ട്രാന്‍സ്ഫര്‍ കാര്‍ഗോ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാവും. നിലവിലെ രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷാ പരിശോധനാ നടപടികളില്‍ ഏകദേശം 95 ശതമാനം കുറവുണ്ടാകും. ഇതിലൂടെ ചരക്കുനീക്കത്തിനുള്ള സമയം ഗണ്യമായി കുറയ്ക്കാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തുടര്‍വിമാനങ്ങളിലേക്ക് ചരക്കുകള്‍ കൈമാറാനും സാധിക്കും.
ട്രാന്‍സ്ഫര്‍ ചരക്കുനീക്കം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് വിമാനത്താവളങ്ങള്‍ക്കായി ബി.സി.എ.എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് സിയാലില്‍ ട്രാന്‍സ്ഫര്‍ കാര്‍ഗോ സെക്യൂരിറ്റി ഹോള്‍ഡ് സജ്ജീകരിച്ചിട്ടുള്ളത്.
''സിയാലില്‍ രാജ്യത്തെ ആദ്യ ട്രാന്‍സ്ഫര്‍ കാര്‍ഗോ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയ പ്രവര്‍ത്തനസജ്ജമാക്കിയത് രാജ്യാന്തര ചരക്കുനീക്കത്തില്‍ കൊച്ചിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ്. ആവര്‍ത്തിച്ചുള്ള സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കുന്നതിലൂടെ ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കും. ഗള്‍ഫ്, കിഴക്കന്‍ - ഏഷ്യന്‍ മേഖലകളിലേക്കുള്ള കൊച്ചിയുടെ വിമാനബന്ധം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ചരക്കുനീക്ക ശൃംഖല യൂറോപ്പിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്,'' സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ചിത്രവിവരണം: സിയാല്‍ ട്രാന്‍സ്ഫര്‍ കാര്‍ഗോ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയ മുഖ്യമന്ത്രി വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.
Related News