വാഷിംഗ്ടണ്‍/ദുബായ്: നാലാഴ്ച പിന്നിടുന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ കരാറിനായി കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, യുഎസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നല്ലാതെ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. ഇതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളില്‍ അവ്യക്തത തുടരുകയാണ്.
ഇറാന്‍ ചര്‍ച്ചകള്‍ക്കായി യാചിക്കുകയാണെന്നും എന്നാല്‍ സ്വന്തം ജനതയേയും അമേരിക്കയേയും ഭയന്നാണ് അവര്‍ ഇത് പുറത്തുപറയാത്തതെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പോസ്റ്റിലൂടെ അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ടിരുന്നു.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇതിനെ 'സാമ്പത്തിക ഭീകരവാദം' എന്നാണ് അബുദാബി സ്റ്റേറ്റ് ഓയില്‍ കമ്പനി (ADNOC) സിഇഒ സുല്‍ത്താന്‍ അല്‍ ജാബര്‍ വിശേഷിപ്പിച്ചത്.
ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 105 ഡോളര്‍ കടന്നു. ഇതു മൂലം വിമാനക്കമ്പനികള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ പ്രതിസന്ധിയിലാണ്. ജൂണ്‍ വരെ യുദ്ധം തുടര്‍ന്നാല്‍ കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ പതിനായിരത്തിലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അവകാശപ്പെട്ടു. ഇറാന്റെ നാവികക്കപ്പലുകളുടെ 92 ശതമാനവും നശിപ്പിക്കപ്പെട്ടു. മിസൈല്‍-ഡ്രോണ്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ യുഎസ് സൈനികര്‍ ഗള്‍ഫ് മേഖലയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ലോകം ഒരു വന്‍ യുദ്ധത്തിന്റെ വക്കിലാണ്. പ്രകോപനത്തിന്റെ പടവുകള്‍ ഇറങ്ങി നയതന്ത്രത്തിന്റെ പടവുകള്‍ കയറാന്‍ സമയമായിരിക്കുന്നു,' എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
Related News