ടെഹ്‌റാന്‍: മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ ഭാഷയില്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ 'വിവേകശൂന്യമായ നീക്കങ്ങള്‍' കാരണം മിഡില്‍ ഈസ്റ്റ് ഒന്നാകെ കത്തിയെരിയുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പറഞ്ഞു. അമേരിക്കന്‍ കുടുംബങ്ങളെ ഒരു 'ജീവിക്കുന്ന നരകത്തിലേക്ക്' തള്ളിവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആജ്ഞകള്‍ അനുസരിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാനിയന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുക എന്നതാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
യുഎസ് സൈന്യം ഉപയോഗിക്കുന്ന കിഴക്കന്‍ ഇംഗ്ലണ്ടിലെ വ്യോമതാവളത്തിന് സമീപം പ്രതിഷേധിച്ച ഏഴ് പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചവരെയാണ് പിടികൂടിയത്. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. നിരോധിക്കപ്പെട്ട പലസ്തീന്‍ അനുകൂല സംഘടനയുമായുള്ള ബന്ധം ആരോപിച്ചാണ് നടപടി.
Related News