ബ്രസല്‍സ്: യുദ്ധസമയത്ത് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇയു മേധാവിയുടെ പ്രതികരണം.
ഊര്‍ജ്ജ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ സൗകര്യങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കോസ്റ്റ വ്യക്തമാക്കി. 'സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനും ലോകത്തെ മറ്റേതൊരു സംഘര്‍ഷത്തിനും ഒരുപോലെ ബാധകമാണ്,' അദ്ദേഹം പറഞ്ഞു.
ഇറാനിലെ ഭരണകൂടത്തിന്റെ പ്രധാന ഇരകള്‍ അവിടുത്തെ സാധാരണ ജനങ്ങളാണ്. സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നത് അവരെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിടുത്തെ പൊതുസൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് യൂറോപ്യന്‍ യൂണിയന്റെ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്.
Related News