വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഐ നിര്‍മ്മിത ചിത്രവും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരായ കടന്നാക്രമണവും ആഗോളതലത്തില്‍ വന്‍ വിവാദമാകുന്നു. സ്വയം ഒരു മിശിഹാ രൂപത്തില്‍ ചിത്രീകരിച്ച ട്രംപിന്റെ നടപടി മതനിന്ദയാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ മതനേതാക്കളും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തി.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച് പിന്നീട് നീക്കം ചെയ്ത ചിത്രത്തില്‍, വെളുത്ത വസ്ത്രം ധരിച്ച ട്രംപ് ഒരാളുടെ തലയില്‍ കൈവെച്ച് സൗഖ്യം നല്‍കുന്നതായാണ് കാണിച്ചിരുന്നത്. എന്നാല്‍, താന്‍ ഒരു 'റെഡ് ക്രോസ്' പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും മാധ്യമങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ട്രംപിന്റെ വിശദീകരണം. മാര്‍പ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നവനാണെന്നും വിദേശനയത്തില്‍ പരാജയമാണെന്നും ട്രംപ് വിമര്‍ശിച്ചു.
അള്‍ജീരിയ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ പരാമര്‍ശങ്ങളോട് മാര്‍പ്പാപ്പ പ്രതികരിച്ചു. 'ആരുമായും തര്‍ക്കത്തിനില്ല. യുദ്ധത്തിനെതിരെയും സമാധാനത്തിന് വേണ്ടിയും ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. ലോകത്ത് ഒരുപാട് നിരപരാധികള്‍ കൊല്ലപ്പെടുന്നു, അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണമെന്നുണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് സഭാനേതാക്കള്‍ പ്രതികരിച്ചത്. മാര്‍പ്പാപ്പ ട്രംപിന്റെ എതിരാളിയോ രാഷ്ട്രീയക്കാരനോ അല്ല. ക്രിസ്തുവിന്റെ പ്രതിപുരുഷനായ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം വിഷമകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലി പറഞ്ഞു.
റിപ്പബ്ലിക്കന്‍ യുവജന വിഭാഗം രൂക്ഷമായാണ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചത്: 'വിശ്വാസം രാഷ്ട്രീയ ആയുധമല്ല. ഇതൊരു കടുത്ത മതനിന്ദയാണ്,' എന്ന് മുന്‍ ആര്‍സിസി പ്രതി നിധി ബ്രിലിന്‍ ഹോളിഹാന്‍ഡ് പറഞ്ഞു. റിപ്പബ്ലിക്കന്‍ അനുഭാവികളായ പ്രമുഖ ഫോക്‌സ് ന്യൂസ് അവതാരക റൈലി ഗെയ്ന്‍സും ഡെയ്ലി വയര്‍ കോളമിസ്റ്റ് മേഗന്‍ ബാഷവും ട്രംപിന്റെ നടപടിയെ 'അപമാനകരം' എന്ന് വിശേഷിപ്പിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ട്രംപിന്റെ വാക്കുകളെ തള്ളിക്കളഞ്ഞു. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന മാര്‍പ്പാപ്പയെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റേത് അഹന്ത നിറഞ്ഞ പെരുമാറ്റമാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ബേണി സാന്‍ഡേഴ്സും കുറ്റപ്പെടുത്തി.
അമേരിക്കന്‍ അതിര്‍ത്തി നയങ്ങള്‍, സൈനിക നടപടികള്‍, ഇറാന്‍-ഇസ്രായേല്‍ യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട് വത്തിക്കാനും വൈറ്റ് ഹൗസും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ വോട്ടര്‍മാരുടെ വലിയ പിന്തുണ നേടിയ ട്രംപിന്റെ ഈ നീക്കം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് ലോകം ഉറ്റുനോക്കുന്നു.
Related News