വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം ആഗോളതലത്തില്‍ വ്യാപിപ്പിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. വാഷിംഗ്ടണുമായി ഒരു 'നല്ല കരാറിലെത്താന്‍' ടെഹ്റാനു മുന്നില്‍ ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരം പൂര്‍ണ്ണമായും യുഎസ് നാവികസേനയുടെ നിയന്ത്രണത്തിലാണെന്ന് ഹെഗ്‌സെത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞങ്ങളുടെ ഉപരോധം വളരുകയാണ്, അത് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നു. യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പലിനും ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കും സഞ്ചരിക്കാനാവില്ല,' അദ്ദേഹം വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഉടന്‍ പാകിസ്ഥാനില്‍ പുനരാരംഭിച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ച ആദ്യം നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ മുടങ്ങിയിരുന്നു. ചര്‍ച്ചകള്‍ക്കായി തങ്ങള്‍ക്ക് തിടുക്കമില്ലെന്നും ട്രംപിന്റെ മുന്‍ പ്രസ്താവനകളെ സൂചിപ്പിച്ചുകൊണ്ട് ഹെഗ്‌സെത്ത് പറഞ്ഞു. അര്‍ത്ഥവത്തായ രീതിയില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ചര്‍ച്ചാ മേശയില്‍ അവര്‍ക്ക് മുന്നില്‍ ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇറാനിലെ എല്ലാ തുറമുഖങ്ങളിലും കര്‍ശനമായ ഉപരോധം തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ 34 കപ്പലുകള്‍ തിരിച്ചയച്ചതായും പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ ഇറാനിയന്‍ കപ്പലുകളെ തടയുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രില്‍ 13-നാണ് ഇറാനെതിരെ യുഎസ് നാവിക ഉപരോധം ആരംഭിച്ചത്. ഉപരോധം മറികടക്കാന്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ പാകാന്‍ ഇറാന്‍ ശ്രമിച്ചാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാകുമെന്ന് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഇറാനിയന്‍ ബോട്ടുകളുടെ സാന്നിധ്യം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related News