റിയാദ്- സൗദി ഭരണകൂടത്തിന്റെ കാരുണ്യഹസ്തം തേടി മൊറോക്കോയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ സജയും ദുഹയും റിയാദിലെത്തി. ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം റിയാദിലെത്തിയ ഇരട്ടകളെ ഉടന്‍ തന്നെ മിനിസ്ട്രി ഓഫ് നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരട്ടകളുടെ ആരോഗ്യനില വിശദമായി പഠിക്കാനും അവരെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാനുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള ആഗോള പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി. വിദഗ്ധരായ മെഡിക്കല്‍ സംഘം കുട്ടികളുടെ ശാരീരിക അവസ്ഥയെക്കുറിച്ച് സമഗ്രമായ പഠനം ഉടന്‍ ആരംഭിക്കും. സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുള്ള അല്‍-റബീഅ ഭരണകൂടത്തിന്റെ ഈ മാനുഷിക ഇടപെടലിന് നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ദുരിതബാധിതരെ സഹായിക്കാനുള്ള സൗദിയുടെ ഉറച്ച നിലപാടിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന മേഖലയില്‍ രാജ്യം കൈവരിച്ച മെഡിക്കല്‍ മികവും ആഗോള നേതൃത്വവുമാണ് ഇത്തരം സങ്കീര്‍ണ്ണമായ കേസുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ മക്കള്‍ക്ക് ലഭിച്ച ഈ വലിയ അവസരത്തില്‍ സജയുടെയും ദുഹയുടെയും കുടുംബം സൗദി ഭരണകൂടത്തോടും ജനങ്ങളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും മക്കളുടെ കാര്യത്തില്‍ കാണിച്ച വേഗത്തിലുള്ള പ്രതികരണത്തിനും അവര്‍ കടപ്പെട്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്ന ഒരു മാനുഷിക അഭയകേന്ദ്രമായി സൗദി അറേബ്യ മാറിയിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.
Related News