റിയാദ്: ഖസീം പ്രവിശ്യയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ സൗദി സിവില്‍ ഡിഫന്‍സ് സേന രക്ഷപ്പെടുത്തി. ട്രാഫിക് ഡയറക്ടറേറ്റിന്റെ ഏകോപനത്തോടെയാണ് അതിസാഹസികമായ ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് കുത്തിയൊലിക്കുന്ന വാദികള്‍ക്കിടയിലൂടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ശക്തമായ മഴയുള്ളപ്പോള്‍ വാദികളും തോടുകളും മുറിച്ചുകടക്കുന്നത് ജീവഹാനിക്കും സ്വത്ത് നാശത്തിനും കാരണമാകുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Related News